Connect with us

From the print

അമീബിക് മസ്തിഷ്‌കജ്വരം: ഒരു കുട്ടിക്ക് കൂടി രോഗമുക്തി

തൃശൂര്‍ വെങ്കിടങ്ങ് പാടൂരിലെ നൗഫല്‍- അനിഷ ദമ്പതികളുടെ മകന്‍ അജ്സലാണ് രോഗമുക്തി നേടിയത്.

Published

|

Last Updated

കൊച്ചി | അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലായിരുന്ന 12കാരന്‍ ആശുപത്രി വിട്ടു. തൃശൂര്‍ വെങ്കിടങ്ങ് പാടൂരിലെ നൗഫല്‍- അനിഷ ദമ്പതികളുടെ മകന്‍ അജ്സലാണ് രോഗമുക്തി നേടിയത്.

കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് പനിയെ തുടര്‍ന്ന് അജ്‌സലിനെ പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പനി കൂടിയതിനാല്‍ രണ്ടിന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പിന്നീട് കുട്ടിയെ ഇവിടെ നിന്നും തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ് സാമ്പിള്‍ അയച്ച് നടത്തിയ പരിശോധനയിലാണ് വെര്‍മമീബ വെര്‍മിഫോര്‍സിസ് അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതോടെ ജൂണ്‍ 16നാണ് അമൃത ആശുപത്രിയിലേക്കെത്തിച്ചത്. മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മേലടി സ്വദേശി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.

97 ശതമാനം മരണനിരക്കുള്ള അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍നിന്ന് രോഗികള്‍ രക്ഷപ്പെടുന്നത് അപൂര്‍വമാണ്. ലോകത്തുതന്നെ 11 പേരാണ് രോഗമുക്തി നേടിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ച്ചയായി രണ്ട് രോഗബാധിതര്‍ കേരളത്തില്‍ രോഗമുക്തി നേടുന്നത്.

ഡോ. കെ പി വിനയന്റെ നേതൃത്വത്തില്‍ പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. വൈശാഖ് ആനന്ദ്, പീഡിയാട്രിക് പള്‍മണറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. സജിത് കേശവന്‍, ഡോ. ഗ്രീഷ്മ ഐസക്, പീഡിയാട്രിക് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എന്‍ ബി പ്രവീണ എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ ചികിത്സിച്ചത്. മകന് വളരെ വേഗത്തില്‍ പുതിയൊരു ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest