Editors Pick
അമീബിക് മസ്തിഷ്ക ജ്വരം; കുളത്തിൽ കുളിക്കുന്നവർ സൂക്ഷിക്കുക
അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം സംശയിച്ച് സംസ്ഥാനത്ത് 14 പേര നിരീക്ഷണത്തിൽ. ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു. പതിനായിരത്തില്‍ ഒരാളെ മാത്രം ബാധിക്കുന്ന രോഗമാണ് അമീബിക്ക് മസ്തിഷ്ക ജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണ് ഈ രോഗം ബാധിക്കുന്നത്.
അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം (Amoebic encephalitis) സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ഭീതിയിലാണ് എല്ലാവരും. മൂന്ന് കുടുംബങ്ങളിലെ 14 പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മലപ്പുറം മൂന്നിയൂർ കാര്യാട് സ്വദേശിയായ കുട്ടിക്കാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന രോഗം സ്ഥിരീകരിച്ചത്. കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പതിനായിരത്തില്‍ ഒരാളെ മാത്രം ബാധിക്കുന്ന രോഗമാണ് അമീബിക്ക് മസ്തിഷ്ക ജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണ് ഈ രോഗം ബാധിക്കുന്നത്. തടാകങ്ങൾ, നദികൾ, ചൂടു നീരുറവകൾ തുടങ്ങിയ മണ്ണിലും ചൂടുള്ള ശുദ്ധജലത്തിലും വസിക്കുന്ന ഒരു അമീബ (ഏകകോശജീവി) ആണ് നെഗ്ലേരിയ ഫൗലേരി. അമീബ അടങ്ങിയ വെള്ളം മൂക്കിലേക്ക് കയറുമ്പോഴാണ് മസ്തിഷ്ക അണുബാധയുണ്ടാകുന്നത്. തലച്ചോറിനെ ബാധിക്കുന്ന രോഗത്തിന് കാരണമാകുമെന്നതിനാൽ ഈ രോഗാണുവിനെ “തലച്ചോർ തിന്നുന്ന അമീബ” എന്ന് വിളിക്കുന്നു. ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നതാണ് ഏക ആശ്വാസം.
അവധിക്കാലത്ത് കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ കുട്ടികള്‍ കുളിക്കുന്നത് പതിവാണല്ലോ. ഇതിനാലാണ് മുന്നിയൂരിലെ കുട്ടികളുടെ കൂടെ കുളിച്ചവരേയും നിരീക്ഷണവിധേയമാക്കിയത്. കടലുണ്ടി പുഴയിൽ നിന്നാണ് കുട്ടിക്ക് അണു ബാധയേറ്റതെന്നാണ് സംശയം. ഈ സാഹചര്യത്തിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രദേശത്തെ അഞ്ച് കടവുകളിൽ ആളുകൾ ഇറങ്ങരുതെന്ന് മൂന്നിയൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും നിർദേശം നൽകിയിട്ടുണ്ട്.
രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.
രോഗം ഏറെ അപകടകാരിയാണ്. അന്താരാഷ്ട്രതലത്തില്‍ തന്നെ നൂറു ശതമാനത്തോടടുത്താണ് രോഗബാധിതരുടെ നിരക്ക് എന്നത് അമീബിക് മസ്തിഷ്കജ്വരത്തിന്‍റെ ഭീകരത വെളിവാക്കുന്നു. നിലവിൽ ഇന്ത്യയില്‍ ഈ രോഗത്തിന് ചികിത്സയില്ല എന്നതാണ് ആരോഗ്യവൃത്തങ്ങള്‍ പറയുന്നത്. മെട്രോനിഡോസോള്‍ ( Metronidazole) തുടങ്ങി ഒരുനിര മരുന്നുകളാണ് നിലവിൽ ചികിത്സക്കായി ഉപയോഗിക്കുന്നത്.
ക്ലോറിനേറ്റ് ചെയ്യാത്തതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തില്‍ കുളിക്കാതിരിക്കുക എന്നതു തന്നെയാണ് ഈ രോഗം വരാതിരിക്കാന്‍ എടുക്കാവുന്ന ഏറ്റവും വലിയ മുന്‍കരുതല്‍.