Kerala
യുവമോര്‍ച്ച വിട്ട് സി പി എമ്മില്‍ ചേര്‍ന്നവരില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളും
സുധീഷിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് ഉദയഭാനു
പത്തനംതിട്ട | യുവമോര്‍ച്ച വിട്ടുവന്നവരെ സ്വീകരിച്ചാനയിച്ച സി പി എമ്മിന് തലവേദന സൃഷ്ടിച്ച് വീണ്ടും മറ്റൊരുളുടെ ക്രിമിനല്‍ പശ്ചാത്തലം കൂടി പുറത്തുവന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുമ്പഴയില്‍ നടന്ന ചടങ്ങില്‍ സി പി എം ജില്ലാ സെക്രട്ടറിയും മന്ത്രി വീണാ ജോര്‍ജും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പാര്‍ട്ടി അംഗത്വം നല്‍കിയവരിലാണ് കൊലപാതകശ്രമക്കേസ് പ്രതിയും ഉള്‍പ്പെട്ടിരുന്നതായ വിവരങ്ങള്‍ പുറത്തുവന്നത്.
പാര്‍ട്ടി അംഗത്വം സ്വീകരിച്ചവരില്‍ പ്രധാനി കാപ്പാ കേസ് ചുമത്തപ്പെട്ടയാളായിരുന്നു. ഇതിനു പിന്നാലെ മറ്റൊരാളെ കഞ്ചാവുമായി എക്സൈസ് സംഘം കഴിഞ്ഞദിവസം പിടികൂടുകയും ചെയ്തു. യുവമോര്‍ച്ചയില്‍ അംഗമായിരിക്കേ എസ് എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി സുധീഷിനെതിരേയാണ് വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്.
വിവാദമായ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനാണ് വധശ്രമക്കേസിലെയും ഒന്നാം പ്രതി. കേസിലെ നാലാം പ്രതിയായ സുധീഷ് ഒളിവിലാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം.
വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ശരണ്‍ ചന്ദ്രനെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടു മാസത്തിനുശേഷം ഹൈക്കോടതിയില്‍ നിന്ന് ശരണിന് ജാമ്യം അനുവദിച്ചെങ്കിലും മറ്റുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. കേസില്‍ ആകെ ഒമ്പതു പ്രതികളാണ്. സുധീഷ് ഒളിവിലാണെന്നാണ് പോലീസിന്റെ രേഖകളിലുള്ളത്. ഇയാള്‍ നാട്ടില്‍ വിലസുമ്പോഴാണ് ഒളിവിലാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഒളിവിലുള്ള പ്രതി മന്ത്രി അടക്കമുള്ള പൊതുചടങ്ങില്‍ പങ്കെടുത്തുവെങ്കിലും പോലീസ് അനങ്ങിയില്ല. കേസില്‍ പ്രതികളായിരുന്നവരും സി പി എമ്മിലെത്തിയതോടെ വാദിയുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പിലാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിലാണ് 62 പേര്‍ക്ക് സി പി എം അംഗത്വം നല്‍കിയത്.
സുധീഷിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് ഉദയഭാനു
സുധീഷിന് എതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വാദിയും പ്രതിയും ചേര്‍ന്ന് കോടതിയെ സമീപിച്ച് കേസ് പിന്‍വലിക്കുമെന്നും കെ പി ഉദയഭാനു പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. പത്തനംതിട്ടയില്‍ സെക്കന്‍ഡ് ഷോ സിനിമ കഴിഞ്ഞ് ഇറങ്ങിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ റിങ് റോഡില്‍ വെട്ടിപ്രം ഭാഗത്ത് സെല്‍ഫി എടുക്കുന്നതിനിടെ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ സുധീഷ് അടങ്ങുന്ന സംഘം മര്‍ദിക്കുകയും വടിവാള്‍ കൊണ്ട് വധിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് രാഷ്ട്രീയമായി ഒരുപാട് കേസുകള്‍ ഉണ്ടാകാമെന്നും വാദിയും പ്രതിയും ചേര്‍ന്ന് കേസൊഴിവാക്കാന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് സി പി എം ജില്ലാ സെക്രട്ടിയുടെ ന്യായവാദം.
ചിത്രങ്ങള്‍ പുറത്ത്
ഒളിവിലെന്നു പോലീസ് പറയുന്ന സുധീഷിനെ സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചശേഷമാണ് സുധീഷിനെയും സ്വീകരിക്കുന്നത്. സിപിഎമ്മിലേക്ക് സ്വീകരിച്ചരവരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ പുതിയ വിവാദം ഉയര്‍ന്നത്. കാപ്പ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനെ മന്ത്രി വീണാ ജോര്‍ജും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചതിന്റെ വിവാദം തീരും മുന്പാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തയാളെ കഞ്ചാവ് കേസില്‍ എക്സൈസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് എക്സൈസിനെതിരേ തിരിഞ്ഞിരിക്കുന്നതിനിടെയാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി അടുത്ത വിവാദം തലപൊക്കിയത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ പാര്‍ട്ടിയില്‍ ചേര്‍ത്തത് സി പി എമ്മില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ജില്ലയിലെ ഉന്നത നേതാക്കള്‍ക്കും മന്ത്രി വീണാ ജോര്‍ജിനുമെതിരേ പാര്‍ട്ടി പ്രവര്‍ത്തകരടക്കം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പാര്‍ട്ടി സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്നതോടെ ഈ വിഷയങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പൊട്ടിത്തെറിക്കും ഇടയാക്കുമെന്നുറപ്പാണ്.