National
അമൃത്പാല്‍ സിംഗിന്റെ മൂത്ത സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ജലന്ധര്‍|ഖഡൂര്‍ സാഹിബ് എംപിയും ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാല്‍ സിംഗിന്റെ മൂത്ത സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. ഹര്‍പ്രീത് സിംഗിനെയാണ് അഞ്ച് ഗ്രാം മെതാംഫെറ്റാമൈനുമായി പോലീസ് പിടികൂടിയത്. ലുധിയാനയിലേക്കുള്ള യാത്രാമധ്യേയാണ് ഹര്‍പ്രീത് സിംഗിനെയും ലവ്പ്രീത് സിംഗിനെയും ജലന്ധര്‍ റൂറല്‍ പോലീസ് പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
മകന്റെ അറസ്റ്റ് തങ്ങളുടെ കുടുംബത്തിനും അമൃത്പാല്‍ സിംഗിന്റെ സഹായികള്‍ക്കും അനുയായികള്‍ക്കുമെതിരായ ഗൂഢാലോചനയാണെന്ന് പിതാവ് തര്‍സെം സിങ് പറഞ്ഞു. തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാരിന് ഈ ഗൂഢാലോചന ചെയ്യാന്‍ കഴിയുമെന്ന് മനസ്സിലാക്കിയതാണ്. ഇതൊരു പുതിയ കാര്യമല്ല. ഇത്തരം കള്ളക്കേസുകള്‍ ഇതിന് മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ച അമൃത്പാല്‍ സിംഗ് ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഖഡൂര്‍ സാഹിബ് മണ്ഡലത്തിലാണ് അദ്ദേഹം മത്സരിച്ചത്. അമൃത്പാലിന് രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് അസമിലെ ദിബ്രുഗഡ് ജില്ലയിലെ ജയിലിലാണ് അമൃത്പാല്‍ സിംഗ് ഇപ്പോള്‍ കഴിയുന്നത്.