Connect with us

National

അമൃത്പാല്‍ സിംഗ്; വാണ്ടഡ് പോസ്റ്ററുകള്‍ പതിച്ച് പോലീസ്

അമൃത്പാൽ സിംഗ് രാജസ്ഥാനിലെന്ന് റിപോർട്ട്

Published

|

Last Updated

അമൃത്‌സര്‍ | ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദെ പ്രസ്ഥാനത്തിന്റെ തലവനുമായ അമൃത്പാല്‍ സിംഗിനായി തിരച്ചില്‍ ഊര്‍ജിതമാക്കി ഗവണ്‍മെന്റ് റെയില്‍വെ പോലീസും. ഇതിന്റെ ഭാഗമായി അമൃതസറിലെ റെയില്‍ വെ സ്‌റ്റേഷനിലും മറ്റും വാണ്ടഡ് പോസ്റ്ററുകള്‍ പതിപ്പിച്ചു.

അതിനിടെ, അമൃത്പാൽ സിംഗ് രാജസ്ഥാനിൽ ഒളിവിൽ കഴിയുന്നുവെന്ന് രഹസ്യാന്വേഷണ റിപോർട്ട്. കഴിഞ്ഞ മാസം 18നാണ് പഞ്ചാബിലെ ജലന്ധറിൽ നിന്ന് വൻ പോലീസ് സന്നാഹത്തെ വെട്ടിച്ച് അമൃത്പാൽ സിംഗ് രക്ഷപ്പെട്ടത്. അമൃത്പാലിനായി പഞ്ചാബ് പോലീസ് രാജസ്ഥാൻ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. രാജസ്ഥാനിലെ ഹനുമാൻഗഢിൽ അമൃത്പാൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് ഈ മേഖലയിലാകെ ശക്തമായ തിരച്ചിലാണ് പോലീസ് നടത്തുന്നത്. ഇരു സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലും വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് അമൃത്പാലിന്റെ അടുത്ത സഹായി പാപ്പൽ പ്രീത് സിംഗിനെ അമൃത്സറിലെ ഹോഷിയാർപൂരിലെ കത്തുനംഗലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമൃത്പാലിനെ പിടികൂടാനാകാത്തതിൽ ഈ മാസം ആദ്യം പഞ്ചാബ്- ഹരിയാന ഹൈക്കോടതി പോലീസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. നിങ്ങൾക്ക് 80,000 പോലീസുകാരുണ്ട്. അവരെന്ത് ചെയ്യുകയായിരുന്നു. അമൃത് പാൽ എങ്ങനെയാണ് രക്ഷപ്പെട്ടത്. ഇത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തികഞ്ഞ അനാസ്ഥയാണ് എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശം.

അതിനിടെ, സിഖ് തീവ്രവാദി ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ സാദൃശ്യമുണ്ടാക്കാൻ അമൃത്പാൽ സിംഗ് കോസ്മെറ്റിക് സർജറി നടത്തിയതായി വെളിപ്പെടുത്തലുണ്ടായിരുന്നു.