Connect with us

save arjun

അര്‍ജുനെ കണ്ടെത്താന്‍ കോഴിക്കോട്ട് നിന്നു 18 അംഗ സന്നദ്ധ സംഘം യാത്ര തിരിച്ചു

മലയോര മേഖലകളില്‍ പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് ഇവര്‍

Published

|

Last Updated

കോഴിക്കോട് | കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്ന് സന്നദ്ധ സംഘങ്ങള്‍ യാത്ര തിരിച്ചു. എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട 18 പേരാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ സംഭവ സ്ഥലത്തേക്ക് തിരിച്ചത്. മലയോര മേഖലകളില്‍ പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് ഇവര്‍.

ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവര്‍ കരുതിയിട്ടുണ്ട്. അര്‍ജുനെ കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് സംഘം സന്നദ്ധമായിരുന്നെങ്കിലും പുറത്തു നിന്നുള്ളവരെ സംഭവസ്ഥലത്തേക്ക് പ്രവേശിക്കുന്നില്ലെന്ന വിവരം തടസ്സമായി.

എന്തുവന്നാലും രക്ഷാപ്രവര്‍ത്തനത്തിന് പോകണമെന്ന് ഇന്നലെ രാത്രിയോടെ സംഘം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ലഭ്യമായ സന്നദ്ധ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പുലര്‍ച്ചെയോടെ കര്‍ണാടകയിലേക്ക് തിരിക്കുകയായിരുന്നു. അനുമതി ലഭിക്കുമോ എന്നുറപ്പില്ലാത്തതിനാലാണ് കൂടുതല്‍ പേര്‍ വേണ്ടെന്ന് വച്ചതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

പി കെ ഷബീര്‍, യു പി സൈനുല്‍ ആബിദ്, യു കെ ഷംഷീര്‍, എം പി അഷില്‍, സംസുദ്ധീന്‍ പുള്ളാവൂര്‍, പി പി ഷിഹാബ്, അജ്മല്‍ പാഴൂര്‍, വി ശ്രീനിഷ്, മുനീഷ് കാരശ്ശേരി, ഷൈജു എള്ളേങ്ങല്‍, റഫീഖ് ആനക്കാംപൊയില്‍, റഷീദ് ഓമശ്ശേരി, കെ പി ബഷീര്‍, റസ്നാസ് മലോറം, എം കെ നിയാസ്, എം പി റിസാം, ഇ കെ ആരിഫ്, പി ഹംസ എന്നിവരാണ് കര്‍ണാടകയിലേക്ക് പുറപ്പെട്ടത്. സംഘം പത്തുമണിയോടെ മംഗലാപുരം പിന്നിട്ടു.