Connect with us

National

വിമാനത്താവളത്തില്‍ വീല്‍ചെയര്‍ ലഭിക്കാതെ 80കാരന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫെബ്രുവരി 16നാണ് സംഭവമുണ്ടായത്.

Published

|

Last Updated

മുംബൈ|ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത 80കാരന്‍ വീല്‍ചെയര്‍ ലഭിക്കാതെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡി ജി സി എ. എയര്‍ ഇന്ത്യ 30 ലക്ഷം രൂപ പിഴയൊടുക്കണമെന്നാണ് ഡി ജി സി എ വിധിച്ചത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫെബ്രുവരി 16നാണ് സംഭവമുണ്ടായത്.

സംഭവത്തില്‍ വേഗത്തില്‍ ഡി ജി സി എ നടപടി സ്വീകരിക്കുകയാണുണ്ടായത്. ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. യാത്രക്കാരന്റെ ഭാര്യക്ക് വീല്‍ചെയര്‍ നല്‍കിയിട്ടുണ്ടെന്നും വീല്‍ചെയറിന്റെ അപര്യാപ്തതയെ തുടര്‍ന്ന് യാത്രക്കാരനോട് കാത്തിരിക്കാന്‍ നിര്‍ദേശിച്ചിരുന്നെന്നും എയര്‍ ഇന്ത്യ പ്രതികരിച്ചു. എന്നാല്‍ നിര്‍ദേശം മറികടന്ന് അദ്ദേഹം നടക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

വീല്‍ചെയര്‍ ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇമിഗ്രേഷന്‍ കൗണ്ടറിലേക്ക് നടന്നുവരുന്നതിനിടെ 80കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണാണ് മരിച്ചത്. എയര്‍ ഇന്ത്യ എഐ 116 വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ വീല്‍ചെയര്‍ യാത്രക്കാരായാണ് 80കാരനും ഭാര്യയും ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ മുംബൈ വിമാനത്താവളത്തില്‍ ഇദ്ദേഹത്തിന് വീല്‍ചെയര്‍ സൗകര്യം ലഭിച്ചില്ല.

വീല്‍ചെയറുകളുടെ കനത്ത ഡിമാന്‍ഡ് കാരണം ഭാര്യക്ക് മാത്രമാണ് വീല്‍ച്ചെയര്‍ ലഭിച്ചത്. ഭര്‍ത്താവ് ടെര്‍മിനലിലേക്ക് നടക്കേണ്ടിയും വന്നു. 1.5 കിലോമീറ്റര്‍ നടന്ന് ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് എണ്‍പതുകാരന്‍ കുഴഞ്ഞുവീണത്. ആദ്യം ഇദ്ദേഹത്തെ മുംബൈ വിമാനത്താവളത്തിലെ മെഡിക്കല്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നനാവതി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ദമ്പതികള്‍ യുഎസ് പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജരാണ്.

 

 

 

---- facebook comment plugin here -----

Latest