National
മുംബൈയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
പരസ്യബോര്‍ഡ് സ്ഥാപിച്ച ഭാവിഷ് ഭിന്‍ഡെ എന്നയാള്‍ക്കെതിരെ പോലീസ് ഐ.പി.സി സെക്ഷന്‍ 304ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
മുംബൈ| മുംബൈയില്‍ ശക്തമായ പൊടിക്കാറ്റിലും മഴയിലും കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഗഡ്‌കോപാറിലെ പെട്രോള്‍ പമ്പിന് സമീപത്തുള്ള ബോര്‍ഡാണ് തിങ്കളാഴ്ച തകര്‍ന്നു വീണത്. അപകടസ്ഥലത്തെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
അപകടത്തില്‍പ്പെട്ട 43 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 67 പേരെ ദുരന്ത നിവാരണ സേനയും പോലീസും ചേര്‍ന്നാണ് പുറത്തെടുത്തിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തിനിടയാക്കിയ കൂറ്റന്‍ പരസ്യ ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ച ഭാവിഷ് ഭിന്‍ഡെ എന്നയാള്‍ക്കെതിരെ പോലീസ് ഐ.പി.സി സെക്ഷന്‍ 304ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പടെ 23 കേസുകള്‍ ഉള്ളതായാണ് വിവരം. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ഭിന്‍ഡെക്കെതിരെ മുമ്പും പോലീസ് കേസെടുത്തിട്ടുണ്ട്.
പെട്രോള്‍ പമ്പിന്റെ എതിര്‍വശത്തായിരുന്നു ബോര്‍ഡ് ഉണ്ടായിരുന്നത്. എന്നാല്‍ പമ്പിന്റെ മധ്യ ഭാഗത്തേക്കാണ് ബോര്‍ഡ് തകര്‍ന്നു വീണത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് മുംബൈ നഗരം പൊടിക്കാറ്റില്‍ മുങ്ങിയത്. പൊടിക്കാറ്റിനെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗത്തും വിമാന, ട്രെയിന്‍, മെട്രോ സര്‍വീസുകളും തടസ്സപ്പെട്ടിരുന്നു.