National
മുംബൈയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി.
മുംബൈ| മുംബൈയില്‍ ശക്തമായ പൊടിക്കാറ്റിലും മഴയിലും കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഗഡ്കോപാറിലെ പെട്രോള്‍ പമ്പിന് സമീപത്തുള്ള ബോര്‍ഡാണ് തകര്‍ന്നു വീണത്. അപകടസ്ഥലത്തെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നേരത്തെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
അപകടത്തിനിടയാക്കിയ കൂറ്റന്‍ പരസ്യ ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ച ഭാവിഷ് ഭിന്‍ഡെ എന്നയാള്‍ക്കെതിരെ പോലീസ് ഐ.പി.സി സെക്ഷന്‍ 304ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പടെ 23 കേസുകള്‍ ഉള്ളതായാണ് വിവരം.
അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ഭിന്‍ഡെക്കെതിരെ മുമ്പും പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിനു പിന്നാലെ ഒളിവില്‍ പോയ ഭാവിഷ് ഭിന്‍ഡെ രാജസ്ഥാനില്‍ നിന്നും പിടിയിലായിരുന്നു. ഇയാളെ ഉദയ്പൂരില്‍ നിന്നാണ് മുംബൈ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
ശക്തമായ കാറ്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. സംഭവ സമയത്ത് പമ്പിലുണ്ടായിരുന്ന അന്‍പതോളം വാഹനങ്ങള്‍ അപകടത്തില്‍പെട്ടിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 5 ലക്ഷം സഹായധനം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.