National
രാജസ്ഥാനില്‍ നിന്ന് ഒരു മുതിര്‍ന്ന ചീറ്റ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രവേശിച്ചതായി അധികൃതര്‍
രണ്ട് മൂന്ന് ദിവസം മുമ്പാണ് കുനോ പാര്‍ക്കില്‍ ചീറ്റയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
ജയ്പൂര്‍| രാജസ്ഥാനില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ചീറ്റ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ (കെഎന്‍പി) പ്രവേശിച്ചതായി അധികൃതര്‍. ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളെ പാര്‍ക്കില്‍ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ അവയില്‍ നിന്ന് പാര്‍ക്കിലേക്ക് പുതുതായി എത്തിയ ചീറ്റക്ക് നേരിട്ട് ഭീഷണിയില്ലെന്നും കെഎന്‍പി ഡയറക്ടര്‍ ഉത്തം ശര്‍മ്മ പറഞ്ഞു. രണ്ട് മൂന്ന് ദിവസം മുമ്പാണ് കുനോ പാര്‍ക്കില്‍ ചീറ്റയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
കുനോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള രാജസ്ഥാനിലെ രന്തംബോര്‍ കടുവാ സങ്കേതത്തില്‍ നിന്നാണ് മൂന്ന് വയസ്സ് പ്രായമുള്ള ചീറ്റ ഇവിടേക്ക് എത്തിയത്. കുനോയില്‍ നിലവില്‍ ഏഴ് ആണും ഏഴ് പെണ്‍ ചീറ്റകളും ഒരു കുട്ടിയുമാണുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 17ന് നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ഒരു കൂട്ടം ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്ന് വിട്ടതോടെയാണ് പ്രോജക്ട് ചീറ്റ പദ്ധതിയുടെ ആരംഭം. അതിനുശേഷം, ലോകമെമ്പാടുമുള്ള വിദഗ്ധര്‍ ഈ പദ്ധതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോയിലേക്ക് രണ്ട് ബാച്ചുകളിലായി ഇരുപത് ചീറ്റകളെയാണ് ഇറക്കുമതി ചെയ്തത്. ആദ്യഘട്ടം കഴിഞ്ഞ വര്‍ഷം സെപ്തംബറിലും, രണ്ടാമത്തേത് ഫെബ്രുവരിയിലുമായിരുന്നു. മാര്‍ച്ച് മുതല്‍, ഇവയില്‍ പ്രായപൂര്‍ത്തിയായ ആറ് ചീറ്റകള്‍ വിവിധ കാരണങ്ങളാല്‍ ചത്തു. മെയ് മാസത്തില്‍, ഒരു പെണ്‍ നമീബിയന്‍ ചീറ്റയ്ക്ക് ജനിച്ച നാല് കുഞ്ഞുങ്ങളില്‍ മൂന്നെണ്ണം കൊടും ചൂടിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ശേഷിക്കുന്ന ഒരു കുഞ്ഞിനെ മനുഷ്യ സംരക്ഷണത്തിലാണ് വളര്‍ത്തുന്നത്.