Connect with us

russia v/s ukraine

യുക്രൈനില്‍ വെടിവെപ്പില്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

മറ്റൊരു മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റിട്ടുണ്ട്.

Published

|

Last Updated

കീവ് | യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപമുണ്ടായ വെടിവെപ്പില്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. കീവിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ഇര്‍പിനിലാണ് സംഭവം. ഇവിടെ റഷ്യ- യുക്രൈന്‍ സൈനികര്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. റഷ്യൻ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് യുക്രൈനിൽ വിദേശ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട വാർത്ത പുറത്തുവരുന്നത്.

മറ്റൊരു മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റിട്ടുണ്ട്. യുക്രൈന്‍ ടെറിട്ടോറിയല്‍ ഡിഫന്‍സില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഡോക്ടറായ ദാനിലോ ഷപോവാലോവിനെ ഉദ്ധരിച്ചാണ് എ എഫ് പി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം തങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെന്നും എ എഫ് പി പറയുന്നു. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ന്യൂയോര്‍ക്ക് ടൈംസിന്റെ വീഡിയോ ജേണലിസ്റ്റ് ബ്രെന്റ് റെനൗദ് ആണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ പ്രസ്സ് കാര്‍ഡിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, റെനൗദ് നിലവിൽ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ലെന്നും പ്രചരിക്കുന്ന പ്രസ്സ് കാർഡ് 2015ൽ അനുവദിച്ചതാണെന്നും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം കമ്പനി വിട്ടതായും ന്യൂയോർക്ക് ടൈംസ് അറിയിച്ചു.

Latest