Connect with us

National

ബിഹാറില്‍ വെച്ച് പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു; പി എഫ് ഐക്കെതിരെ ഗുരുതര ആരോപണവുമായി ഇ ഡി

ഇ ഡി അറസ്റ്റ് ചെയ്ത ഷഫീഖ് പായത്ത് എന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്

Published

|

Last Updated

ന്യൂഡല്‍ഹി | ഈ വര്‍ഷം ജൂലൈയില്‍ ബിഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇ ഡി അറസ്റ്റ് ചെയ്ത ഷഫീഖ് പായത്ത് എന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജുലൈ 12ന് ബിഹാറിലെ പാട്‌നയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടുവെന്നും ഇതിനായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഹവാല ഇടപാടിലൂടെ 120 കോടി രൂപ സമാഹരിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെഫീഖ് പായത്ത് ഖത്വറില്‍ നിന്നും എന്‍ ആര്‍ ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയച്ച പണം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെരീഫിനും റിഹാബ് ഇന്ത്യ ഫൗണ്ടേഷനും നല്‍കിയെന്നും ഇ ഡി വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ എന്‍ഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളയാളും ഒരാള്‍ കേരളത്തില്‍ നിന്നുള്ള ഷഫീഖ് പായത്തുമാണ.

വിവിധയിടങ്ങളില്‍നിന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ 8 മണിക്കൂറിലധികമാണ് പ്രതികളെ ചോദ്യം ചെയ്തത്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Latest