National
ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ്‍ വച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം
കഴിഞ്ഞ ദിവസം ബൈരിയയിലും സമാന സംഭവമുണ്ടായിരുന്നു

ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കില്‍ ഫെന്‍സിങ് കോണ്‍ക്രീറ്റ് തൂണ്‍ വച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ബാന്ദമെഹോബ ട്രാക്കിലാണ് സംഭവം. ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ്‍ വച്ച 16കാരനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം ബൈരിയയിലും സമാന സംഭവമുണ്ടായിരുന്നു.
ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ്‍ കണ്ട ഉടനെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. ഉടന്‍ തന്നെ വിവരം റെയില്‍വേ പോലീസിനെ അറിയിച്ചു. ആര്‍ പി എഫും പോലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് 16കാരനെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് മേഖലാ സര്‍ക്കിള്‍ ഓഫീസര്‍ ദീപക് ദുബേ പറഞ്ഞു.
ഇന്നലെ രാവിലെ ബൈരിയയിലെ ട്രാക്കില്‍ അപരിചിതര്‍ കൊണ്ടുവെച്ച കല്ലില്‍ ട്രെയിന്റെ എന്‍ജിന്‍ തട്ടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു. ഇവിടെയും ലോക്കോപൈലറ്റ് നടത്തിയ സംയോജിതമായ ഇടപെടലിന്റെ ഭാഗമായാണ് വന്‍ ദുരന്തം ഒഴിവായത്. എന്നാല്‍ ഇതു ചെയ്തത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഏതെങ്കിലും രീതിയിലുളള ഗൂഢാലോചനയുണ്ടോയെന്നും സംഘം അന്വേഷിക്കുമെന്ന് ബൈരിയ സര്‍ക്കിള്‍ ഓഫീസര്‍ മുഹമ്മദ് ഉസ്മാന്‍ പറഞ്ഞു.