Connect with us

articles

സാമൂഹിക സമത്വം ഉറപ്പാക്കിയ സാന്പത്തിക വിദഗ്ധൻ

ഡോ. സിംഗിന്റെ സാമ്പത്തിക തത്ത്വശാസ്ത്രം വിപണിശക്തികളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനോടൊപ്പം സാമൂഹിക സമത്വവും ദാരിദ്ര്യനിർമാർജനവും ഉറപ്പാക്കുന്നതിൽ സർക്കാർ ഇടപെടലിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്ന ഒന്നാണ്. ഈ സമന്വിത സമീപനമാണ് അദ്ദേഹത്തെ അതുല്യ ചിന്തകനാക്കി മാറ്റിയത്.

Published

|

Last Updated

ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയും വിശിഷ്ട സാമ്പത്തിക വിദഗ്ധനുമായിരുന്ന ഡോ. മൻമോഹൻ സിംഗ് വിടവാങ്ങി. ധനമന്ത്രിയും പ്രധാനമന്ത്രിയുമായിരുന്ന കാലത്ത്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ അദ്ദേഹം അടയാളപ്പെടുത്തിയത് അളവറ്റ സംഭാവനകളാണ്. രാജ്യം അതിന്റെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ ദൂരദർശിയായ നയരൂപവത്കരണവും പ്രായോഗികമായ തീരുമാനങ്ങളും ഇന്ത്യൻ സമ്പദ്്വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു. ഡോ. സിംഗിന്റെ സാമ്പത്തിക തത്ത്വശാസ്ത്രം വിപണിശക്തികളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനോടൊപ്പം സാമൂഹിക സമത്വവും ദാരിദ്ര്യനിർമാർജനവും ഉറപ്പാക്കുന്നതിൽ സർക്കാർ ഇടപെടലിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്ന ഒന്നാണ്. ഈ സമന്വിത സമീപനമാണ് അദ്ദേഹത്തെ സാമ്പത്തിക-രാഷ്ട്രീയ രംഗത്തെ അതുല്യ ചിന്തകനാക്കി മാറ്റിയത്. ഇന്ത്യൻ സമ്പദ്്വ്യവസ്ഥയുടെ സങ്കീർണതകൾ മനസ്സിലാക്കി അതിനനുസരിച്ച് പ്രശ്‌ന പരിഹാരം കാണുന്നതിൽ അദ്ദേഹം വിദഗ്ധനായിരുന്നു.

ഇന്ത്യൻ സമ്പദ്്വ്യവസ്ഥയുടെ രൂപരേഖ മാറ്റിമറിച്ച വ്യക്തിത്വമാണ് ഡോ. സിംഗ്. സാമ്പത്തിക ശാസ്ത്രത്തിലെ അഗാധമായ പരിജ്ഞാനവും അന്തർദേശീയ അനുഭവവും അദ്ദേഹത്തെ വ്യതിരിക്തനാക്കി. പഞ്ചാബ് സർവകലാശാലയിൽ നിന്ന് തുടങ്ങി കേംബ്രിഡ്ജ്, ഓക്‌സ്‌ഫർഡ് സർവകലാശാലകളിലെ ഉന്നത പഠനം അദ്ദേഹത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി. യു എൻ, ഐ എം എഫ് തുടങ്ങിയ അന്തർദേശീയ സംഘടനകളിൽ പ്രവർത്തിച്ച അനുഭവം ഡോ. സിംഗിനെ ആഗോള സമ്പദ്്വ്യവസ്ഥയുടെ സങ്കീർണതകളെ മനസ്സിലാക്കാൻ കൂടുതൽ സഹായിച്ചു. ഇന്ത്യൻ ഗവൺമെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സേവനം ചെയ്തിരുന്ന കാലഘട്ടത്തിൽ, 1970കളിൽ ഇന്ത്യ അഭിമുഖീകരിച്ച പണപ്പെരുപ്പവും ബാഹ്യ അസന്തുലിതാവസ്ഥയും പരിഹരിക്കുന്നതിൽ അദ്ദേഹം നിർണായകമായ പങ്ക് വഹിച്ചു. 1991ൽ മൻമോഹൻ സിംഗ് ധനമന്ത്രി സ്ഥാനം ഏറ്റെടുത്തതോടെയാണ് രാഷ്ട്രത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ ഗണ്യമായ പരിവർത്തനത്തിന് തുടക്കമായത്.

പേയ്മെൻറ് ബാലൻസ് പ്രതിസന്ധിയും പണപ്പെരുപ്പവും നേരിട്ട ഇന്ത്യയെ സാമ്പത്തിക ഉദാരവത്കരണത്തിലൂടെ പുനരുദ്ധരിച്ചു. വ്യാപാര ഉദാരവത്കരണം, വ്യാവസായിക പരിഷ്‌കാരങ്ങൾ, സാമ്പത്തിക മേഖലാ പരിഷ്‌കാരങ്ങൾ, വിദേശ നിക്ഷേപം എന്നിവയായിരുന്നു അന്ന് അദ്ദേഹം നടപ്പാക്കിയ പ്രധാന പരിഷ്‌കാരങ്ങൾ. ഈ പരിഷ്‌കാരങ്ങൾ ഇന്ത്യയെ ഒരു തുറന്ന സമ്പദ്്വ്യവസ്ഥയാക്കി മാറ്റി. ലൈസൻസ് രാജ് അവസാനിപ്പിച്ചതോടെ സ്വകാര്യ മേഖലക്ക് വളരാൻ അവസരമൊരുങ്ങി. അതോടെ സമ്പദ്്വ്യവസ്ഥ കൂടുതൽ ശക്തി പ്രാപിച്ചു.

2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മൻമോഹൻ സിംഗ് തന്റെ സാമ്പത്തിക വൈദ്യഗ്ധ്യത്തിന്റെ ആഴം വീണ്ടും തെളിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ശരാശരി 7.7 ശതമാനം എന്ന അസാധാരണ വളർച്ചാ നിരക്കോടെ ഒരു ദശാബ്ദത്തെ സുവർണകാലം അനുഭവിച്ചു. വ്യവസായ മേഖലയിലെ ശക്തമായ വളർച്ച, വിദേശ നിക്ഷേപത്തിന്റെ വമ്പൻ ഒഴുക്ക്, കയറ്റുമതിയിലെ വർധന, സേവന മേഖലയുടെ ഉയർച്ച തുടങ്ങിയവയാണ് ഈ വളർച്ചയുടെ പ്രധാന പ്രേരകശക്തികൾ. ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ അദ്ദേഹം, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിയമനടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകി.

തത്ഫലമായി, ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി. ഡോ. സിംഗ് സാമ്പത്തിക വളർച്ചയെ മാത്രം ലക്ഷ്യമാക്കി നീങ്ങിയ ഒരു നേതാവായിരുന്നില്ല. മറിച്ച്, സാമൂഹിക ക്ഷേമത്തിനും വികസനത്തിനും തുല്യ പരിഗണന നൽകിയിരുന്ന വ്യക്തിയാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വികസനത്തിന്റെ സുഗന്ധം എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ സമൂഹിക പ്രശ്‌നങ്ങളെ മറികടക്കാൻ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു. അതിൽ എടുത്തുപറയേണ്ടതായ പദ്ധതികളിൽ ഒന്നാമതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA). ഗ്രാമീണ കുടുംബങ്ങൾക്ക് പ്രതിവർഷം നൂറ് ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്ന ഈ പദ്ധതിയിലൂടെ ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ക്രമാതീതമായി ഉയർന്നു. ദാരിദ്ര്യം കുറഞ്ഞതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഉയർന്നു.

ജീവിതനിലവാരം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന മറ്റൊരു ഘടകമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നടത്തിയ പരിഷ്‌കാരങ്ങളും ഏറെ ശ്രദ്ധേയമാണ്. ഒരു കാലത്ത് സമ്പന്നർക്ക് മാത്രം ലഭ്യമായിരുന്ന വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണെന്ന ആശയം അദ്ദേഹം പ്രചരിപ്പിച്ചു. ആറ് മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കുന്ന നിയമം നടപ്പാക്കിയതോടെ വിദ്യാഭ്യാസ രംഗത്ത് ഒരു പുത്തൻ അധ്യായം തുറന്നു. വിദ്യാഭ്യാസ മേഖലയിലെ അസമത്വം കുറയുകയും സാക്ഷരതാ നിരക്ക് ഗണ്യമായി ഉയരുകയും ചെയ്തു. ക്ഷേമ പദ്ധതികളിലെ അഴിമതി തടയാൻ ഡോ. സിംഗ് നടപ്പാക്കിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനം മറ്റൊരു നാഴികക്കല്ലാണ്. ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് സഹായം എത്തിച്ചതോടെ ക്ഷേമ പദ്ധതികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (NRHM), ജവഹർലാൽ നെഹ്റു നാഷനൽ അർബൻ റിന്യൂവൽ മിഷൻ (JNNURM) തുടങ്ങിയ പദ്ധതികൾ വഴി ആരോഗ്യസംരക്ഷണവും നഗരവികസനവും നടപ്പാക്കി. ഡോ. സിംഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഈ പദ്ധതികൾ ലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ചു. സാമ്പത്തിക വളർച്ചക്കൊപ്പം മനുഷ്യവികസനത്തിനും സാമൂഹിക സമത്വത്തിനും ഉള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഇന്ത്യയുടെ വികസന പാതയിൽ പുത്തൻ അധ്യായം രചിച്ചു.

ഡോ. മൻമോഹൻ സിംഗിന്റെ ദീർഘദർശിയായ നേതൃത്വം ഇന്ത്യയെ ആഗോള സാമ്പത്തിക വേദിയുടെ മുൻനിരയിലേക്ക് ഉയർത്തി. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിപ്പിച്ചുകൊണ്ട്, ലോകത്തെ ഒരു ഗ്രാമമാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു. ബഹുരാഷ്ട്രവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഡോ. സിംഗ്, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഗോള വ്യാപാര സംവിധാനത്തിന് വേണ്ടി വാദിച്ചു. വ്യാപാരം മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള വിഷയങ്ങളിൽ അന്തർദേശീയ സഹകരണം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. G20, BRICS, WTO തുടങ്ങിയ പ്രധാന ഫോറങ്ങളിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമായിരുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ആഗോള ചർച്ചകൾ നയിക്കുന്നതിലും ഡോ. സിംഗ് പ്രധാന പങ്ക് വഹിച്ചു.

അക്കാദമിക വിജ്ഞാനത്തെ പ്രായോഗികമാക്കി സമൂഹത്തിന്റെ മുഖമുദ്ര മാറ്റിയെടുക്കാൻ സാധിക്കുമെന്നതിന്റെ തിളക്കമാർന്ന ഉദാഹരണമാണ് മൻമോഹൻ സിംഗ്. അക്കാദമിക ഗവേഷണത്തിന്റെ ആഴങ്ങളിൽ നിന്ന് നയനിർമാണത്തിന്റെ ഉന്നതിയിലേക്ക് എത്തിച്ചേർന്ന അപൂർവ സഞ്ചാരമായിരുന്നു ആ ജീവിതം. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, ഭാവി തലമുറയിലെ സാമ്പത്തിക വിദഗ്ധർക്ക് അതുല്യ മാതൃകയായി എന്നും നിലകൊള്ളുമെന്ന്
തീർച്ച.

Latest