Kerala
കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നത് എട്ടംഗ സംഘം; എഫ് ഐ ആര്‍ പുറത്ത്
അര്‍ഷാദും കൂട്ടുകാരും കോളനിയിലെ ലഹരി സംഘത്തിനെതിരെ പ്രവര്‍ത്തിക്കുകയും ലഹരി വില്‍പ്പന തടയുകയും ചെയ്തിരുന്നു.
തിരുവനന്തപുരം| കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ എഫ് ഐ ആര്‍ പുറത്ത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ് ഐ ആറിലുള്ളത്. അര്‍ഷാദ് (19) ആണ് കൊല്ലപ്പെട്ടത്. അര്‍ഷാദിനെ ആക്രമിച്ചത് ധനുഷടങ്ങുന്ന എട്ടംഗ സംഘമാണെന്നും എഫ് ഐ ആറിലുണ്ട്.
എട്ടു പേരും കരിമഠം കോളനിയിലുള്ളവരാണെന്നും കൊലപാതകം ആസൂത്രിതമാണെന്നും എഫ് ഐ ആറിലുണ്ട്. കേസില്‍ ധനുഷിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ധനുഷിന്റെ രണ്ട് സഹോദരന്മാര്‍ ഒളിവിലാണ്. ഇവരെ കൂടാതെ മറ്റു അഞ്ചുപേരും ഒളിവിലാണെന്നാണ് സൂചന.
അര്‍ഷാദും കൂട്ടുകാരും കോളനിയിലെ ലഹരി സംഘത്തിനെതിരെ പ്രവര്‍ത്തിക്കുകയും ലഹരി വില്‍പ്പന തടയുകയും ചെയ്തിരുന്നു. അര്‍ഷാദ് ലഹരിക്കെതിരെ യുവജന കൂട്ടായ്മ രൂപീകരിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. അര്‍ഷാദിന്റെ കഴുത്തിനാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അര്‍ഷാദിന്റെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റു.
ഇന്നലെ വൈകീട്ട് ടര്‍ഫില്‍ കളിക്കുകയായിരുന്ന അര്‍ഷാദിനെ വിളിച്ചുവരുത്തി ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് അര്‍ഷാദിനെ വിളിച്ചുവരുത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നേരത്തെയും ഇരു സംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ദീപാവലിക്കും ഇരു സംഘവും തമ്മില്‍ അടിപിടിയുണ്ടായി. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്ന അര്‍ഷാദ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്നു.