Connect with us

Kerala

പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ച സംഭവം; ചികിത്സ നിഷേധിച്ചെന്ന് കുടുംബത്തിന്റെ പരാതി

നായ ആക്രമിച്ചുവെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ലെന്നും ഡോക്ടര്‍മാര്‍ അനാസ്ഥ കാണിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Published

|

Last Updated

ആലപ്പുഴ | പേവിഷബാധയേറ്റ് എട്ടു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍.കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു രാധിക ദമ്പതികളുടെ മകന്‍ ദേവനാരായണനാണ് ഇന്നലെ പേവിഷബാധയെ തുടര്‍ന്ന് മരിച്ചത്. കുട്ടിക്ക് പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കുത്തിവെയ്പ് നല്‍കിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

നായ ആക്രമിച്ചുവെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ലെന്നും ഡോക്ടര്‍മാര്‍ അനാസ്ഥ കാണിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഏപ്രില്‍ 21നാണ് ദേവനാരായണന് നായയുടെ കടിയേല്‍ക്കുന്നത്. മൂന്നു ദിവസം മുമ്പ് കുട്ടിക്ക് ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ ഉണ്ടാവുകയായിരുന്നു.തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ കുട്ടി മരിക്കുകയായിരുന്നു.

വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെയാണ് ദേവനാരായണനെ തെരുവു നായ കടിക്കാന്‍ ഓടിയെത്തിയത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ദേവനാരായണന്‍ കയ്യിലുണ്ടായിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഓടയില്‍ വീണു. ഓടയില്‍ വീണ കുട്ടിക്ക് നേരെ തെരുവുനായയും ചാടി.

ബന്ധുക്കള്‍ എത്തി കുട്ടിയെ രക്ഷിച്ച് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൗസ് സര്‍ജന്മാര്‍ വീണു പരുക്കേറ്റതിനാണ് ചികിത്സ നല്‍കിയതെന്നും പേവിഷബാധയ്‌ക്കെതിരായ കുത്തിവെയ്പ് എടുത്തില്ലെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.

എന്നാല്‍ നായ ആക്രമിച്ചെന്ന കാര്യം കുടുംബം പറഞ്ഞിട്ടില്ലെന്നും വീണു പരുക്കേറ്റു എന്നാണ് പറഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം അറിയിച്ചു.

Latest