Connect with us

From the print

ജെ എൻ യുവിൽ പ്രിയ സഖാവിന് വികാരനിർഭര യാത്രയയപ്പ്

വിദ്യാർഥികളും അധ്യാപകരും അന്തിമോപചാരമർപ്പിച്ചു

Published

|

Last Updated

ന്യൂഡൽഹി | കഴിഞ്ഞ ദിവസം അന്തരിച്ച സി പി എം ജനറ. സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ജെ എൻ യുവിൽ വികാരനിർഭര യാത്രയയപ്പ്. രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച ജെ എൻ യു ക്യാമ്പസിൽ യെച്ചൂരിയുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ കനത്ത മഴയിലും റെഡ് സലൂട്ട് വിളികളും അമർ രഹേ വിളികളും ചുമരുകളെ പ്രകമ്പനം കൊള്ളിച്ചു. എയിംസിൽ സൂക്ഷിച്ച യെച്ചൂരിയുടെ ഭൗതിക ശരീരം വൈകിട്ടോടെയാണ് പാർട്ടി നേതാക്കളും കുടുംബവും ചേർന്ന് ഏറ്റുവാങ്ങിയത്. തുടർന്ന് വിദ്യാർഥി യൂനിയന്റെ ആവശ്യപ്രകാരം ജെ എൻ യു ക്യാമ്പസിൽ എത്തിക്കുകയായിരുന്നു.

വൈകിട്ട് അഞ്ച് മുതൽ ജെ എൻ യുവിലെ സ്റ്റുഡന്റ് വെൽഫെയർ ഹാളിൽ പൊതുദർശനത്തിന് വെച്ചു. രാഷ്ട്രീയ ജീവിതത്തിലുടനീളം സന്തതസഹചാരിയായിരുന്ന സി പി എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ജെ എൻ യുവിൽ ഉണ്ടായിരുന്നു. കാരാട്ടാണ് ആദ്യം പുഷ്പാർച്ചന നടത്തിയത്.

ജെ എൻ യു വിദ്യാർഥി യൂനിയനും അധ്യപക യൂനിയനും ഇടത് വിദ്യാർഥി സംഘടനകളും അഭിവാദ്യം അർപ്പിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദാ കാരാട്ട്, എം എ ബേബി, എം പിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹീം, ജെ എൻ യു വിദ്യാർഥി യൂനിയൻ മുൻ പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായ കനയ്യ കുമാർ, ബോളിവുഡ് താരം സ്വര ഭാസ്‌കർ ഉൾപ്പെടെയുള്ളവരും ജെ എൻ യുവിലെത്തി അന്തിമോപചാരമർപ്പിച്ചു. 5.35 വരെ ക്യാമ്പസിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് മൃതദേഹം യെച്ചൂരിയുടെ വസതി സ്ഥിതി ചെയ്യുന്ന വസന്ത് കുഞ്ജിലേക്ക് കൊണ്ടുപോയി.

റെഡ് സല്യൂട്ട്, ലാൽ സലാം മുഴക്കി ജെ എൻ യുവിന്റെ പ്രധാന കവാടം വരെ ഭൗതികദേഹത്തെ വിദ്യാർഥികൾ അനുഗമിച്ചു. രാത്രി മുഴുവൻ വസന്ത് കുഞ്ജിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിച്ചു.
ഇന്ന് എ കെ ജി ഭവനിൽ

സി പി എമ്മിന്റെ ആസ്ഥാനമായ ന്യൂഡൽഹിയിലെ എ കെ ജി ഭവനിൽ രാവിലെ പത്ത് മുതൽ മൂന്ന് വരെ യെച്ചൂരിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കും. മൂന്നിന് അശോക റോഡ് പതിനൊന്ന് വരെ യെച്ചൂരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര നടത്തും.
തുടർന്ന് യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം പഠനത്തിനായി ഡൽഹി എയിംസിന് കൈമാറും.