s rajendran
ബിജെപിയിലേക്ക് എന്ന അഭ്യൂഹത്തിന് അന്ത്യം; ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
മുതിര്‍ന്ന സി പി എം നേതാക്കള്‍ രാജേന്ദ്രനുമായി ചര്‍ച്ചനടത്തി
ഇടുക്കി | ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇതോടെ രാജേന്ദ്രന്‍ ബി ജെ പിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. മൂന്നാറില്‍ നടക്കുന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനിലാണ് എസ് രാജേന്ദ്രന്‍ പങ്കെടുക്കുന്നത്. മുതിര്‍ന്ന സിപിഎം നേതാവ് എം എം മണിയും സി പി എം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസും രാജേന്ദ്രനുമായി വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രനു അംഗത്വം പുതുക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയതായും സൂചനയുണ്ട്. ഇതോടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥഥിക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമാകാനും രാജേന്ദ്രന്‍ തീരുമാനിച്ചിട്ടുണ്ട്. തന്റെ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാണു രാജേന്‍ നേതാക്കള്‍ക്കുമുന്നില്‍ വച്ച ആവശ്യം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എ രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജേന്ദ്രന്‍ ബിജെപിയിലേക്ക് നീങ്ങിയേക്കുമെന്ന സൂചന പുറത്തുവന്നതോടെയയാണ് നേതാക്കള്‍ ഇദ്ദേഹവുമായി ചര്‍ച്ചനടത്തിയത്.