Connect with us

International

ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം; അന്താരാഷ്ട്ര മാനുഷിക നിയമം പ്രയോഗിക്കുന്നതിൽ ഇരട്ടത്താപ്പ്: സഊദി കിരീടാവകാശി

സാദൃശ്യമില്ലാത്ത വംശഹത്യയെന്ന് അറബ് - ഇസ്‍ലാമിക് ഉച്ചകോടിയിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

Published

|

Last Updated

റിയാദ് | ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഫലസ്തീൻ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഇസ്റാഈലിനാണെന്നും റിയാദിൽ അറബ് – ഇസ്‍ലാമിക് ഉച്ചകോടിയുടെ പ്രാരംഭ സെഷനിൽ അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിൽ തുടരുന്ന ഇസ്റാഈലി ആക്രമണത്തെയും സാധാരണക്കാരെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുന്നതിനെയും സൗദി രാജകുമാരൻ അപലപിച്ചു. ഫലസ്തീൻ ജനതക്ക് എതിരായ അതിക്രങ്ങളോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തെയും അന്താരാഷ്ട്ര മാനുഷിക നിയമം പ്രയോഗിക്കുന്നതിലെ ഇരട്ടത്താപ്പിനെയും അദ്ദേഹം വിമർശിച്ചു.

ഗസ്സയിലെ സൈനിക ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ജീവൻ രക്ഷിക്കാൻ ബന്ദികളെ മോചിപ്പിക്കണമെന്നും കിരീടാവകാശി ആവർത്തിച്ചു വ്യക്തമാക്കി. ഉപരോധം പിൻവലിക്കാനും മാനുഷിക- ദുരിതാശ്വാസ സഹായങ്ങൾ ഗസ്സയിലേക്ക് എത്തിക്കാനും ഫലപ്രദമായ നടപടിയെടുക്കാൻ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കിടയിൽ യോജിച്ച പരിശ്രമത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഈജിപ്തിലെ അബ്ദുൽ ഫത്താഹ് എൽ-സിസി, സിറിയയുടെ ബാഷർ അൽ അസദ്, ഇറാഖിന്റെ അബ്ദുൾ ലത്തീഫ് റാഷിദ് എന്നിവരുൾപ്പെടെ അറബ് നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ലിബിയ പ്രസിഡൻഷ്യൽ കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് അൽ മാൻഫി എന്നിവരും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, കിർഗിസ്ഥാൻ പ്രസിഡന്റ് സാദി ജാപറോവ് എന്നിവരുൾപ്പെടെയുള്ള ഏഷ്യൻ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുത്തു.

സാദൃശ്യമില്ലാത്ത വംശഹത്യയെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

സാദൃശ്യമില്ലാത്ത വംശഹത്യയാണ് ഫലസ്തീൻ നേരിടുന്നതെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉച്ചകോടിയിൽ പറഞ്ഞു. ഗസ്സക്കെതിരായ ആക്രമണം നിർത്താൻ ഇസ്റാഈലിനു മേൽ സമ്മർദം ചെലുത്താൻ അമേരിക്കയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്റാഈലിന്റെ ആക്രമണത്തിൽ നിന്ന് ഫലസ്തീൻകാർക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു.

ഫലസ്തീനികൾക്കെതിരായ ആക്രമണം അവസാനിപ്പിച്ച് ഗസ്സയിൽ സഹായം എത്തിക്കുന്നതിലൂടെ യുഎൻ രക്ഷാസമിതി അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. ഗസ്സ മുനമ്പിലെ സൈനിക, സുരക്ഷാ പരിഹാരങ്ങൾ ഞങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടു: ഖത്തർ അമീർ

ഗസ്സ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു. ഇസ്റാഈലിനെ അന്താരാഷ്ട്ര നിയമത്തിന് അതീതമായി എത്ര കാലത്തേക്ക് അന്താരാഷ്ട്ര സമൂഹം പരിഗണിക്കുമെന്നും അദ്ദേഹം ചോദിച്ചു.

21-ാം നൂറ്റാണ്ടിൽ, ആശുപത്രികൾ പരസ്യമായി ബോംബെറിയപ്പെടുമെന്നും വിവേചനരഹിതമായ ബോംബാക്രമണത്തിലൂടെ കുടുംബങ്ങൾ സിവിൽ രജിസ്ട്രിയിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും ആരാണ് സങ്കൽപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിന് മാനുഷിക ഇടനാഴി സ്ഥിരമായി തുറക്കണമെന്നും അൽതാനി ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest