Connect with us

Kerala

മൂലക്കാവ് സ്‌കൂളില്‍ പത്താം ക്ലാസുകാരന് ക്രൂരമര്‍ദനമേറ്റ സംഭവം; കേസുമായി മുന്നോട്ട് പോകുമെന്ന് മാതാവ് സ്മിത

അധ്യാപകര്‍ എന്തോ ഒളിച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ശബരിനാഥിനെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സ്മിത.

Published

|

Last Updated

കല്‍പറ്റ|വയനാട് മൂലക്കാവ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകുമെന്ന് മാതാവ് സ്മിത. മകന്‍ ശബരിനാഥിന് നല്ല പരിക്കുണ്ടെന്നും ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും മാതാവ് സ്മിത പറഞ്ഞു. അധ്യാപകര്‍ എന്തോ ഒളിച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ശബരിനാഥിനെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സ്മിത കൂട്ടിച്ചേര്‍ത്തു.

ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് മകനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദം വന്നുവെന്നും സ്മിത ആരോപിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ശബരിനാഥനെ ഇപ്പോള്‍ കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വയനാട് മൂലക്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ശബരിനാഥിനാണ് ഇന്നലെ റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പരിചയപ്പെടാന്‍ എന്ന പേരില്‍ അഞ്ചോളം പേര്‍ ക്ലാസില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥിക്ക് കത്രിക കൊണ്ട് മുഖത്തും നെഞ്ചിലും കുത്തേറ്റു. ചെവിക്കും മൂക്കിനും പരുക്കുണ്ട്.

ശബരിനാഥ് ഒമ്പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളില്‍ ആയിരുന്നു പഠിച്ചത്. പത്താം ക്ലാസില്‍ പഠിക്കാന്‍ പുതിയ സ്‌കൂളില്‍ ചേരുകയായിരുന്നു. സുല്‍ത്താന്‍ബത്തേരി പോലീസ് എത്തി വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചു. നിലവില്‍ സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ശബരിനാഥ്. അടുത്ത ദിവസം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

 

 

 

Latest