electric scooter
നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ച സംഭവം; കൊമാകി കമ്പനി പ്രതിനിധികള്‍ പരിശോധന നടത്തും
പൂനൂര്‍ ചീനി മുക്കിലാണു നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ തീപിടിച്ചു നശിച്ചത്.
കോഴിക്കോട് | നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ച സംഭവം പരിശോധിക്കാന്‍ കൊമാകി കമ്പനിയുടെ പ്രതിനിധികള്‍ താമരശ്ശേരിയില്‍ എത്തും. ഒന്നരലക്ഷം രൂപക്ക് 2022 മെയില്‍ വാങ്ങിയ സ്‌കൂട്ടര്‍ സ്വയം കത്തി നശിച്ച സംഭവത്തില്‍ ഉടമ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
പൂനൂര്‍ ചീനി മുക്കിലാണു നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ തീപിടിച്ചു നശിച്ചത്. ചീനി മുക്കിലെ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. സ്ഥാപനത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്ന് പിടിച്ചു.
ഓടിക്കൂടിയവര്‍ വെള്ളവും മണ്ണും ഉപയോഗിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിച്ചു.
ഇലക്ട്രിക് വാഹനങ്ങള്‍ കത്തി നശിക്കുന്നത് ഭീതിപരത്തിയ സാഹചര്യത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയെന്നു പരസ്യം ചെയ്താണ് ഇത്തരം വാഹനങ്ങള്‍ വിപണിയില്‍ സജീവമായത്. ഒന്നരലക്ഷം രൂപയോളം മുടക്കി 2022 ലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. സ്‌കൂട്ടര്‍ സ്വയം കത്തി നശിച്ചതോടെ ഉടമ കമ്പനി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഇന്ന് കമ്പനിയില്‍ അധികതര്‍ എത്തുമെന്നാണു പ്രതീക്ഷ.