Connect with us

Pathanamthitta

പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റ സംഭവം; മൂന്ന് കുട്ടികളെ ആറന്മുള പോലീസ് വിളിച്ചുവരുത്തി

മര്‍ദ്ദിച്ച കുട്ടിയുടെ മാതാപിതാക്കളോട് മകന്റെ ടി സി വാങ്ങിപോകാനറിയിച്ചു. കൂട്ടാളികളിലൊരു കുട്ടിയെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു.

Published

|

Last Updated

പത്തനംതിട്ട |  കോഴഞ്ചേരിയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള ഏഴുപേരില്‍ മുന്നു കുട്ടികളെ തുടര്‍നടപടികളുടെ ഭാഗമായി ആറന്മുള പോലീസ് രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വിളിച്ചുവരുത്തി. പെണ്‍കുട്ടിയെ കളിയാക്കിയതിന്റെ പേരിലായിരുന്നു പെണ്‍കുട്ടിയുടെ സുഹൃത്തായ ആണ്‍കുട്ടി കഴിഞ്ഞ ദിവസം മറ്റൊരു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സ്‌കൂളിന്റെ ശുചിമുറിക്ക് സമീപത്ത് വെച്ച് കളിയാക്കിയെന്ന് ആരോപിക്കുന്ന ആണ്‍കുട്ടിയുടെ മുഖത്തും തലയ്ക്കും അടിക്കുകയും, കാലുകൊണ്ട് അടിവയറ്റില്‍ ചവുട്ടുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ ആണ്‍കുട്ടി ഒപ്പമുണ്ടായിരുന്ന സഹവിദ്യാര്‍ഥിയെക്കൊണ്ട് മൊബൈലില്‍ പകര്‍ത്തി കുട്ടിയുടെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. കൂടെയുള്ളവര്‍ മര്‍ദ്ദിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. വിവരം പുറത്തു പറഞ്ഞാല്‍ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് വീഡിയോ റീല്‍ ആയും വാട്സാപ്പിലൂടെയും പ്രചരിപ്പിച്ചു.

പേടി കാരണം കുട്ടി മര്‍ദ്ദനമേറ്റ വിവരം വീട്ടില്‍ പറഞ്ഞില്ല. സ്‌കൂളിലെ മറ്റു കുട്ടികളും അധ്യാപകരും മര്‍ദ്ദനദൃശ്യങ്ങള്‍ കാണുകയും, സ്‌കൂള്‍ അധികൃതര്‍ മര്‍ദ്ദനമേറ്റ കുട്ടിയുടെയും മര്‍ദ്ദിച്ചയാളുടെയും മറ്റും രക്ഷാകര്‍ത്താക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചറിഞ്ഞശേഷം, മര്‍ദ്ദിച്ച കുട്ടിയുടെ മാതാപിതാക്കളോട് മകന്റെ ടി സി വാങ്ങിപോകാനറിയിച്ചു. കൂട്ടാളികളിലൊരു കുട്ടിയെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു.
സ്‌കൂളിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മര്‍ദ്ദനമേറ്റ കുട്ടിയുടെ പിതാവ്, മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ കാണുകയും തുടര്‍ന്ന് മകനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു . പിന്നീട് ആറന്മുള പോലീസില്‍ പരാതി നല്‍കി . ദേഹോപദ്രവം ഏല്‍പ്പിച്ചതിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും സ്റ്റേഷനില്‍ വിളിപ്പിക്കുകയായിരുന്നു. ശിശു സൗഹൃദ ഇടത്തില്‍ വച്ച് എസ് എച്ച് ഓയുടെ നേതൃത്വത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു.

 

---- facebook comment plugin here -----

Latest