Kerala
ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവം; രണ്ട് ഡോക്ടര്‍മാരെ പുറത്താക്കി, നഴ്‌സിന് സസ്‌പെന്‍ഷന്‍
മൂന്ന് പേര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്
മലപ്പുറം | പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ നടപടി. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാരെ പുറത്താക്കി. ഡ്യൂട്ടി നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് പേര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്‌സ് രക്തം നല്‍കിയത്, ഡ്യൂട്ടി ഡോക്ടര്‍ക്കും വാര്‍ഡ് നഴ്‌സിനും ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് മലപ്പുറം സ്വദേശിനി റുക്‌സാനയ്ക്ക് ഒ നെഗറ്റീവ് രക്തം നല്‍കേണ്ടതിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയത്. യുവതിക്ക് രക്തക്കുറവുള്ളതിനാല്‍ രക്തം കയറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും രക്തം കയറ്റി. വ്യാഴാഴ്ച എത്തിയപ്പോഴാണ് രക്തം നല്‍കിയത് മാറിപ്പോയത്. പകുതി രക്തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെടുകയായിരുന്നു.
ഡോക്ടര്‍ എത്തി നടത്തിയ പരിശോധനയിലാണ് രക്തം മാറി നല്‍കിയതായി അറിയുന്നത്. തുടര്‍ന്നാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.