National
പരിശീലകനില്ലാതെ ട്രെയിനി പൈലറ്റ് വിമാനം പറത്തിയ സംഭവം; എയര്‍ഇന്ത്യയ്ക്ക് 99 ലക്ഷം പിഴ
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡിജിസിഎ വ്യക്തമാക്കി.
ന്യൂഡല്‍ഹി | പരിശീലകനില്ലാതെ ട്രെയിനി പൈലറ്റ് വിമാനം പറത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് പിഴ.സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) എയര്‍ ഇന്ത്യക്ക് 99ലക്ഷം രൂപയാണ് പിഴയിട്ടത്. എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പങ്കുല്‍ മാത്തൂര്‍ ട്രെയിനിംഗ് ഡയറക്ടര്‍ മനീഷ് വാസവദ എന്നിവര്‍ക്ക് യഥാക്രമം 6 ഉം 3 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ ഒന്‍പതിനാണ് സംഭവം.മുംബൈയില്‍ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തില്‍ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേര്‍ന്ന് പറത്തിയത്. സംഭവത്തിന് ശേഷം എയര്‍ ഇന്ത്യ സ്വമേധയാ സമര്‍പ്പിച്ച റിപോര്‍ട്ടിന് ശേഷമാണ് ഡിജിസിഎ അന്വേഷിച്ച് നടപടിയെടുത്തിരിക്കുന്നത്. അന്വേഷണത്തില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി.