National
വനിത പ്രവര്‍ത്തകയെ പുരുഷ പൊലീസ് തടഞ്ഞ സംഭവം; വിഷയം ഏറ്റെടുക്കുമെന്ന് ദേശീയ വനിത കമ്മീഷന്‍
മാര്‍ച്ച് ഒമ്പതിന് കേരളത്തിലേക്ക് പോകുമെന്നും ഈ വിഷയം ഏറ്റെടുക്കുമെന്നും രേഖ ശര്‍മ്മ അറിയിച്ചു.
ന്യൂഡല്‍ഹി| കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കരിങ്കൊടി കാണിച്ച യുവമോര്‍ച്ചാ വനിത പ്രവര്‍ത്തകയെ പുരുഷ പൊലീസ് തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. മാര്‍ച്ച് ഒമ്പതിന് കേരളത്തിലേക്ക് പോകുമെന്നും ഈ വിഷയം ഏറ്റെടുക്കുമെന്നും രേഖ ശര്‍മ്മ ട്വിറ്ററിലൂടെ അറിയിച്ചു.
കേരളത്തിലെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണ് ഉള്ളതെന്നും വനിത പ്രവര്‍ത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏല്‍പ്പിക്കുകയാണെന്നുമുള്ള യുവ മോര്‍ച്ച ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ് പങ്കുവെച്ചാണ് രേഖ ശര്‍മ്മയുടെ പ്രതികരണം. ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. വനിത പ്രവര്‍ത്തകയെ ദേഹോപദ്രവം ഏല്‍പ്പിച്ച ചിത്രവുമായാണ് സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്.
സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിത പൊലീസുകാര്‍ വേണമെന്നുള്ളതാണ് നിയമം. എന്നാല്‍ പുരുഷ പൊലീസ് ശരീരത്തില്‍ സ്പര്‍ശിക്കുക മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്തിരിക്കുന്നു. ഈ കേസ് വെറുതെ വിടാനാവില്ല. ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊലീസ് അതിക്രമത്തിനെതിരെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ദേശീയ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.