National
യാത്രക്കാര്‍ റണ്‍വേയുടെ സമീപമിരുന്ന് ഭക്ഷണം കഴിച്ച സംഭവം; ഇന്‍ഡിഗോയ്ക്ക് 1.2 കോടി രൂപ പിഴ
ആദ്യമായാണ് ഇന്ത്യയില്‍ ഒരു വിമാനക്കമ്പനിക്ക് ഇത്രയും വലിയ തുക പിഴയിടുന്നത്.
ന്യൂഡല്‍ഹി| യാത്രക്കാര്‍ റണ്‍വേയുടെ സമീപമിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തില്‍ ഇന്‍ഡിഗോ വിമാനകമ്പനിക്കെതിരെ നടപടി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎസ്) ആണ് നടപടിയെടുത്തത്. 1.2 കോടി രൂപ ഇന്‍ഡിഗോ പിഴയടയ്ക്കണമെന്ന് ബിസിഎസ് ഉത്തരവിട്ടത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരു വിമാനക്കമ്പനിക്ക് ഇത്രയും വലിയ തുക പിഴയിടുന്നത്.
വിമാനം പുറപ്പെടാന്‍ വൈകിയതിനാല്‍ യാത്രക്കാര്‍ റണ്‍വേക്ക് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനുശേഷമാണ് ബിസിഎസ് ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയെടുത്തത്. വിമാനക്കമ്പനി 30 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിര്‍ദേശം. ജനുവരി 14നാണ് ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം മൂടല്‍മഞ്ഞ് കാരണം മുംബൈയിലേക്ക് വഴിതിരിച്ചു വിട്ടത്. യാത്രക്കാര്‍ക്ക് ഭക്ഷണമോ വിശ്രമമുറികളോ ഏര്‍പ്പെടുത്താത്തതിനാല്‍ യാത്രക്കാര്‍ റണ്‍വേയ്ക്ക് സമീപമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.
ഈ സംഭവത്തില്‍ മുംബൈ വിമാനത്താവളത്തിനും ഇന്‍ഡിഗോയ്ക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ മുംബൈ വിമാനത്താവളത്തിന് ഇന്ത്യന്‍ വ്യോമഗതാത നിയന്ത്രണ ഏജന്‍സിസായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 30 ലക്ഷം രൂപ പിഴയിട്ടിട്ടുമുണ്ട്. ബിസിഎസിന്റെ ഉത്തരവ് പ്രകാരം 60 ലക്ഷം രൂപയും മുംബൈ വിമാനത്താവളം പിഴയടയ്ക്കണമെന്നാണ് വിവരം.