National
റഷ്യൻ സൈന്യത്തിൽ നിർബന്ധിച്ച് ചേർക്കപ്പെട്ട ഇന്ത്യൻ യുവാവ് യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു
കഴിഞ്ഞ വർഷം ഡിസംബറിൽ ജോലി തട്ടിപ്പിന് ഇരയായാണ് അഫ്സാൻ റഷ്യയിലെത്തിയത്.
ഹൈദരാബാദ് | തൊഴിലിന്റെ മറവിൽ റഷ്യൻ സൈന്യത്തിൽ ചേർക്കപ്പെട്ട ഇന്ത്യൻ യുവാവ് യുക്രൈനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അഫ്‌സാൻ (30) ആണ് കൊല്ലപ്പെട്ടത്. റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിതരായ ഇന്ത്യൻ യുവാക്കളെ രക്ഷിക്കണമെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഉവൈസി അഭ്യർഥിച്ചതിന് പിന്നാലെ മോസ്‌കോയിലെ ഇന്ത്യൻ എംബസിയാണ് മരണവാർത്ത സ്ഥിരീകരിച്ചത്
കഴിഞ്ഞ വർഷം ഡിസംബറിൽ ജോലി തട്ടിപ്പിന് ഇരയായാണ് അഫ്സാൻ റഷ്യയിലെത്തിയത്. ഹെൽപർ ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് റിക്രൂട്ട് ചെയ്ത യുവാവിനെ അവിടെ എത്തിയപ്പോൾ നിർബന്ധിച്ച് റഷ്യന സൈന്യത്തിൽ ചേർക്കുകയായിരുന്നു. തുടർന്ന് യുക്രൈനുമായി യുദ്ധം നടക്കുന്ന റഷ്യ – യുക്രൈൻ അതിർത്തിയിൽ വിന്യസിക്കുകയും ചെയ്തു. ഇവിടെ ഉണ്ടായ ആക്രമണത്തിലാണ് അഫ്സാൻ കൊല്ലപ്പെട്ടത്. അഫ്സാന് വെടിയേറ്റതായാണ് റിപ്പോർട്ടുകൾ.
അസദുദ്ദീൻ ഉവൈസി എംബസിയുമായി ബന്ധപ്പെടുമ്പോൾ അഫ്‌സാന്റെ സഹോദരൻ ഇമ്രാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അഫ്സാനെ റഷ്യയിലേക്ക് കൊണ്ടുപോയ ഏജന്റുമായി അഫ്സാന്റെ കുടുംബം ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മരണത്തെക്കുറിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. യുക്രൈൻ അതിർത്തിയിൽ അഫ്സാനെ വിന്യസിച്ച സ്ഥലം മോസ്കോയിൽ നിന്ന് വളരെ അകലെയാണെന്നും അവർക്ക് ഒന്നും സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ഏജന്റ് അറിയിച്ചതായി കുടുംബം പറഞ്ഞു.
കൊമേഴ്‌സ് ബിരുദധാരിയായ അഫ്‌സാൻ മോസ്‌കോയിലെ ജോലി വാഗ്‌ദാനം സ്വീകരിക്കുന്നതിന് മുമ്പ് വസ്ത്രക്കടയിലാണ് ജോലി ചെയ്തിരുന്നത്.
അഫ്‌സാന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.