prathivaram book review
അകം പുറം തേടുന്ന പഠനരേഖ
കേരളത്തിന്റെ നേട്ടങ്ങളും വികസന പ്രതിസന്ധികളും ചർച്ച ചെയ്യുന്ന പഠനങ്ങൾ സമീപകാലത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ, എല്ലാ വിഭാഗം വായനക്കാർക്കും ഗ്രാഹ്യമായവിധം കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണിതെന്ന് നിസ്സംശയം പറയാം.
ജുനൈദ് കൈപ്പാണി രചിച്ച.”വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന പുസ്തകം മലയാളി വായനക്കാർക്ക് വ്യത്യസ്ത ചിന്തകൾ സമ്മാനിക്കുന്ന രചനയാണ്.
കേന്ദ്രീകൃത അധികാരം ദുഷിപ്പിക്കുകയും, സമൂല അധികാരം സമ്പൂർണം ദുഷിപ്പിക്കുകയും ചെയ്യുമെന്നും, അധികാരം എത്രത്തോളം കേന്ദ്രീകൃതമാകുന്നോ അവിടെ ജനാധിപത്യത്തിന്റെ സാധ്യത, പരിമിതികൾ നിറഞ്ഞതാവുമെന്നും രചയിതാവ് നിരീക്ഷിക്കുന്നു.
ജനാധിപത്യ വ്യവസ്ഥിതിയുടെ ഈ പരിമിതിയെ ജനകീയസൂത്രണം എന്ന ചരിത്രമുന്നേറ്റത്തിലൂടെ കേരളം മറികടന്ന് കാൽ നൂറ്റാണ്ട് പിന്നിട്ടതിന്റെ വിജയ രഹസ്യങ്ങളുടെ ആശയ അടിത്തറ ഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
ഡോ. ടി എം തോമസ് ഐസക് ആണ് പുസ്തകത്തിന് അവതരിക എഴുതിയത്. പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ. ബാവ കെ. പാലുകുന്നിന്റെ മുഖക്കുറിപ്പും പുസ്തകത്തിലുണ്ട്.
ക്ഷേമ പ്രവർത്തനങ്ങളും വികസന വിഷയങ്ങളും തൊട്ടറിയാൻ വയനാട് ജില്ലയിലുടനീളം സഞ്ചരിച്ച് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആകെയുള്ള 582 ജനപ്രതിനിധികളേയും നേരിൽ കണ്ട് നടത്തിയ അഭിമുഖത്തിന്റെയും സംവാദത്തിന്റെയും വെളിച്ചത്തിൽ ജുനൈദ് കൈപ്പാണി തയ്യാറാക്കിയ പഠനരേഖയാണ് ഈ ഗ്രന്ഥം.
വികേന്ദ്രീകൃതാസൂത്രണത്തിന്റെ കുതിപ്പും കിതപ്പും ഇതിൽ പഠന വിധേയമാക്കുന്നുണ്ട്.
ഗവേഷകർക്കും ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാത്രമല്ല; സാധാരണ വായനക്കാർക്കും ഈ കൃതി വഴിവെളിച്ചമാകും.
ത്രിതല സംവിധാനം മുന്നോട്ടുവെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കൽപ്പനങ്ങളും എത്രമാത്രം ലക്ഷ്യവേദിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ മൗലികവും സമഗ്രവുമായ പഠനത്തിന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ഗ്രന്ഥകാരൻ കൃതിയിലൂടെ ചെയ്യുന്നത്.
കേരളത്തിന്റെ നേട്ടങ്ങളും വികസന പ്രതിസന്ധികളും ചർച്ച ചെയ്യുന്ന പഠനങ്ങൾ സമീപകാലത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാൽ, എല്ലാ വിഭാഗം വായനക്കാർക്കും ഗ്രാഹ്യമായവിധം കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണിതെന്ന് നിസ്സംശയം പറയാം.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ജനതാദൾ എസ് ദേശീയ സെക്രട്ടറിയുമായ ജുനൈദ് കൈപ്പാണിയുടെ വൈവിധ്യമാർന്ന അനുഭവസമ്പത്തിന്റെ മൂർച്ചയിൽ വാർന്നുവീണ ഈ കൃതി മലയാളി വായനക്കാർക്ക് വ്യത്യസ്തമായൊരു വായനാനുഭവം സമ്മാനിക്കുമെന്നതിൽ തർക്കമില്ല.
അധികാര വികേന്ദ്രീകരണത്തിന്റെ അകം പുറം തേടുന്ന അന്വേഷണങ്ങളാണ് ഉള്ളടക്കം. അധികാര വികേന്ദ്രീകരണം; മേൻമക്കും, മേനിപറച്ചിലിനും മധ്യേ വിശകലനം ചെയ്യുന്ന രചന ഇന്ത്യൻ ജനാധിപത്യത്തിന് പുതിയൊരു ദിശാബോധം നൽകാൻ ചെറുതായിട്ടെങ്കിലും സഹായിക്കും എന്ന് കരുതുന്നു. പ്രസാധകർ ദി ഏഷ്യൻ ഗ്രാഫ് കാലിക്കറ്റ്. വില 150 രൂപ.