Connect with us

Story

ഓർമകൾക്കൊരാമുഖം

എന്നെ നേരിൽ കണ്ടില്ലെങ്കിലും, അത് മതി. ഒന്നും പറയാതെ, ഏറെ നേരം നോക്കിയിരിക്കും, പിന്നെ, തലനാരിഴയിലൂടെ സാന്ത്വനമാർന്ന ഒരു കൈ സ്പർശനം. ഒടുക്കം ഒരു ചെറിയ നോട്ടം. അടർന്ന് വീഴുന്ന കണ്ണുനീർ തുള്ളികൾ എന്റെ കൈവെള്ളയിലൂടെ ഊർന്നിറങ്ങും... ഞാനും, അപ്പോൾ...

Published

|

Last Updated

പറഞ്ഞു നിർത്തിയത് അവളായിരുന്നു, അമ്മയെക്കുറിച്ച്, മുണ്ടും മഞ്ഞ നിറമുള്ള ബ്ലൗസ്സും, ഒരു പഴയ കമ്മലും, എപ്പോഴും പുഞ്ചിരിയോടെ.
പരിചയമില്ലാത്തവരോട് പോലും, പരിചയമുള്ളവരേ പോലെ വർത്തമാനം പറയും, നാട്ടിലെ, വീട്ടിലെ എല്ലാ കാര്യങ്ങളും….
വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും ചേർത്തുള്ള മുറുക്ക്, എന്നും കൂടെത്തന്നെ, അത് ഒരു ശീലമായിരുന്നു, അല്ലങ്കിൽ ഒരു ദുശ്ശീലമായിരുന്നു അമ്മയ്ക്ക്.

ഒരു പക്ഷെ അമ്മയ്ക്ക് ഏറേ ആശ്വാസമോ, സംതൃപ്തിയോ നൽകിയിരുന്നത് മുറുക്കായിരുന്നു.
പിന്നെ, എപ്പോഴോ അതും നിർത്തി.
വർത്തമാനത്തിൽ പിശുക്ക്, സ്വസിദ്ധമായ ചിരിയില്ല, ആർത്തുള്ള വിളിയില്ല, പഴയ മട്ടും ഭാവവും പ്രസരിപ്പും നഷ്ടപ്പെട്ട് അങ്ങനെ…
ഓർമകൾ അന്യം നിന്ന് പോയ അഭിശപ്ത നിമിഷങ്ങൾ ….
ചിലപ്പോഴൊക്കെ നീട്ടി വിളിക്കും,

” ദിവാകര,
എന്താമ്മേ!
നീ എവിട്വാ?
ഇതാ, ഇവിടുണ്ട്,
അത്രമാത്രം,
എന്റെ ശബ്ദം കേട്ടാ മതി,

എന്നെ നേരിൽ കണ്ടില്ലെങ്കിലും, അത് മതി. ഒന്നും പറയാതെ, ഏറെ നേരം നോക്കിയിരിക്കും, പിന്നെ, തലനാരിഴയിലൂടെ സാന്ത്വനമാർന്ന ഒരു കൈ സ്പർശനം. ഒടുക്കം ഒരു ചെറിയ നോട്ടം. അടർന്ന് വീഴുന്ന കണ്ണുനീർ തുള്ളികൾ എന്റെ കൈവെള്ളയിലൂടെ ഊർന്നിറങ്ങും… ഞാനും, അപ്പോൾ…

പിന്നെ ഒരു മയക്കമാണ്. ഒരു പക്ഷെ, ഉറക്കമായിരിക്കാം അമ്മയ്ക്ക് ഏറെ ആഗ്രഹം എന്ന് തോന്നിപ്പിക്കുന്നത് പോലെ, ഒടുവിൽ ഉമ്മറത്ത് വന്നിരിക്കും. ആരെങ്കിലും പോകുന്നത് കണ്ടാൽ ചോദിക്കും, കണ്ടോ? അവനെ, ദിവാകരനേ !
അത് പലതവണ ചോദിക്കും.

പിന്നെ, വീണ്ടും പഴയ കഥകൾ പറയും. പഴയത് പോലെ, പറയേണ്ടതും പറയാത്തതുമായവ, അറിയാത്തതും, അറിഞ്ഞതുമായവ, കേട്ടിരിക്കാൻ ഞാൻ മാത്രം … പറന്നൊടുവിൽ ആരും കാണാതെയുള്ള ഒരു ഇറങ്ങി പ്പോക്ക്, റോഡിലൂടെ നടന്നകന്ന് പോകും. പോകുന്ന വഴിയാത്രക്കാരോട് ചോദിക്കും, കണ്ടോ? അവനെ എന്റെ ദിവാകരനെ! അതും പറഞ്ഞ് പൊട്ടിക്കരച്ചിൽ! പിന്നാലെ ഞാനും. ഏറെ നടത്തം കഴിഞ്ഞ് വീട്ടിലേക്ക് തിരികെ വരുമ്പോൾ വീണ്ടും ചോദ്യങ്ങൾ സ്വയം ചോദിക്കും…..!

പാറ്വേടത്തി, അവർ ഒരുമിച്ച് വിളിച്ച് വരും, ചിത്രശലഭക്കൂട്ടങ്ങളെ പോലെ. അവധിക്കാലമാഘോഷിക്കാനുള്ള വരവ്, അമ്മയുടെ തോളിൽ കൈയിട്ട് ഒരുമിച്ചിരിക്കും, ആകാശത്തിന് താഴെയുള്ള എല്ലാറ്റിനെക്കുറിച്ചും അവർ പറയും അവർക്കിടയിൽ ഒതുങ്ങി നിന്ന് ഞാനും…. ഒടുവിൽ പോകാൻ നേരം അവർക്ക് കരുതിവെച്ച എളോർ മാങ്ങയും കശു അണ്ടിയും പഴുത്ത വരിക്കച്ചക്കയും അവർക്ക് നൽകും.

അവരോടൊക്കെ എന്നും എപ്പോഴും വലിയ ഇഷ്ടമാണ്. ആ സ്നേഹം പ്രകടിപ്പിക്കുന്നത് അവർക്ക് ഇഷ്ടമുള്ളത് കൊടുത്തുകൊണ്ടായിരിക്കും.
പണി പൂർത്തിയാകാത്ത വീട്ടിന്റെ വടക്കിനിയിലിരുന്നുകൊണ്ട് അമ്മ പറയുന്നത് അവർ കേട്ടിരിക്കും. ധർമസങ്കടങ്ങളുടെ കോന്തല, അഴിച്ചിടുമ്പോൾ, നിറഞ്ഞൊഴുകുന്ന വാക്കുകൾക്ക്, പതർച്ചയും ഇടർച്ചയും ഉണ്ടാകും, ഉടുവിൽ, ഇന്നലെ നീണ്ടകാലത്തിന് ശേഷം അവർ വന്നു. കുടുംബസമേതം, പാറോട്വത്തി, വിളിച്ചിട്ടും പുറത്തേക്ക് വരാത്ത അമ്മയേ തേടി അകത്തേക്ക് വരുമ്പോൾ, അർധനഗ്നയായി നിൽക്കുന്ന രൂപം മുന്നിൽ. അവർക്കൊന്നും മനസ്സിലായില്ല, ഞാനൊന്നും, അല്ലങ്കിലും ഞാനെന്താണ് പറയേണ്ടത്, കഴിഞ്ഞ ഏഴ് വർഷങ്ങളായി, നനഞ്ഞിറങ്ങിയ കണ്ണുകളോടെ, അവർ നോക്കി, പിന്നെ…

Latest