Connect with us

National

ന്യുമോണിയ മാറാന്‍ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ചു; ഒന്നരമാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍

കുഞ്ഞിന്റെ മാതാവ്, മുത്തച്ഛന്‍, പ്രസവ ശുശ്രൂഷക്കെത്തിയ സ്ത്രീ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു

Published

|

Last Updated

ഷഹ്ദോള്‍| ന്യുമോണിയ ബാധിച്ച ഒന്നരമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്. മധ്യപ്രദേശിലെ ഷഹ്ദോള്‍ ജില്ലയിലാണ് സംഭവം. ഗ്രാമത്തിലെ പ്രസവ ശുശ്രൂഷ നടത്തുന്ന സ്ത്രീയാണ് കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി പ്രയോഗിച്ചതെന്ന് പോലീസ് പറയുന്നു.

കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും 40 ലധികം പാടുകള്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ ഷഹ്‌ദോലിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രസവശുശ്രൂഷ നടത്തുന്ന സ്ത്രീ, കുട്ടിയുടെ മാതാവ്, മുത്തച്ഛന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. നവംബര്‍ നാലിനാണ് ഈ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ ചികിത്സക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗിയുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ജില്ലയിലെ ആദിവാസി മേഖലയില്‍ കുട്ടികളുടെ രോഗങ്ങള്‍ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് മുദ്രകുത്തുന്നത് പതിവാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ന്യുമോണിയ ബാധിച്ച രണ്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ സമാനരീതിയില്‍ ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ചിരുന്നു. ആരോഗ്യനില മോശമായ കുഞ്ഞ് പിന്നീട് മരണപ്പെടുകയും ചെയ്തിരുന്നു.

 

 

Latest