Connect with us

National

ഉത്തരാഖണ്ഡില്‍ സ്‌കൂള്‍ ക്യാമ്പസിലെ പഴയ മഖ്ബറ തകര്‍ത്തു

നാലോ അഞ്ചോ പേരടങ്ങുന്ന സംഘം പിക്കാസും കോടാലിയും ചുറ്റികയും ഉപയോഗിച്ച് മഖ്ബറ തകര്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഡൂണ്‍ സ്‌കൂള്‍ ക്യാന്പസിനകത്തെ പഴയ മഖ്ബറ ഹിന്ദുത്വ സംഘടനകള്‍ തകര്‍ത്തു. നാലോ അഞ്ചോ പേരടങ്ങുന്ന സംഘം പിക്കാസും കോടാലിയും ചുറ്റികയും ഉപയോഗിച്ച് മഖ്ബറ തകര്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറെ പഴക്കമുള്ളതാണ് പൊളിച്ച മഖ്ബറ. സംഭവത്തെക്കുറിച്ച് ഡൂണ്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടില്ല. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നിട്ടും ജില്ലാ ഭരണകൂടം ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല.

രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് ഡെറാഡൂണ്‍ ജില്ലാ മജിസ്‌ട്രേറ്റ് സവിന്‍ ബന്‍സാല്‍ പറഞ്ഞു. ചിരപുരാതനമായ മഖ്ബറ കെട്ടിടം പൊളിക്കുന്നതിന് ഞങ്ങള്‍ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നിരുന്നാലും, മഖ്ബറയുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കുന്നതിനും ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചതായും സംഭവത്തില്‍ റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്‌കൂള്‍ അതിര്‍ത്തിയിലുള്ള മഖ്ബറ പൊളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെയും മന്ത്രിമാരെയും അടുത്തിടെ കണ്ടിരുന്നുവെന്ന് ഉത്തരാഖണ്ഡ് രക്ഷാ അഭിയാന്‍ സ്ഥാപകയായ സ്വാമി ദര്‍ശന്‍ ഭാരതി പറഞ്ഞു.

അതേസമയം, മഖ്ബറ നിലകൊള്ളുന്ന സ്‌കൂളിന്റെ ഭാഗം ഒരു കാലത്ത് തങ്ങളുടെ സ്വത്തായിരുന്നുവെന്ന് ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡ് വ്യക്തമാക്കി. രേഖകള്‍ പ്രകാരം, പ്രദേശത്തെ 57 ഏക്കര്‍ ഭൂമി വഖ്ഫ് ഭൂമിയാണ്. എന്നാല്‍, നിലവിലെ സ്ഥിതി അറിയില്ലെന്നും വഖ്ഫ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്‌കൂളിനോട് ചേര്‍ന്നുള്ള ഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോഴും വഖ്ഫ് ബോര്‍ഡിന്റെ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കരണ്‍ സിംഗ്, നവീന്‍ പട്‌നായിക്, അമിതാവ് ഘോഷ്, വിക്രം സേത്ത് തുടങ്ങി നിരവധി പ്രമുഖര്‍ ഈ ക്യാന്പസിലെ പൂര്‍വ വിദ്യാര്‍ഥികളാണ്.

 

Latest