Connect with us

സാഹിത്യം

ഭൂമിക്കുവേണ്ടി തുറന്നെഴുത്ത്

ആറ് ബഹിരാകാശ യാത്രികരുടെ സ്പേസ് സ്റ്റേഷനിലെ ഒരു ദിവസത്തെ ജീവിതമാണ് ഓർബിറ്റൽ എന്ന നോവലിൽ ചിത്രീകരിക്കുന്നത്.അവിടെനിന്നും ഭൂമിയെ വീക്ഷിക്കുന്ന അവർ കാണുന്നത് മോഹിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളാണ്. ഇരുപത്തിനാല് മണിക്കൂർ സമയത്തിനുള്ളിൽ അവർ സാക്ഷ്യം വഹിക്കുന്നത് പതിനാറ് ഉദയാസ്തമയങ്ങൾക്കാണ്. ലോകം അവരുടെ മുന്നിൽ അതിദ്രുതം ചുറ്റിത്തിരിയുന്നു. അതിനൊപ്പം ഋതുക്കളും കാലവും കാലാവസ്ഥയും മാറിമറിയുന്നു. വനങ്ങളും മരുഭൂമികളും പർവതങ്ങളും ഹിമാനികളുമെല്ലാം അവരുടെ കണ്മുന്നിലൂടെ കടന്നുപോകുന്ന അത്ഭുതകരമായ കാഴ്ച അതീവ ഹൃദ്യമായി വായനക്കാർക്ക് അനുഭവവേദ്യമാക്കുന്ന നോവലിസ്റ്റിന്റെ രചനാതന്ത്രം അന്യാദൃശമാണ്.

Published

|

Last Updated

“നമ്മൾ അധിവസിക്കുന്ന ഈ ഭൂമി എത്ര മനോഹരമാണ്. അതോടൊപ്പം, ആന്തരികവും ബാഹ്യവുമായ ഒട്ടേറെ ഭീഷണികളാൽ അങ്ങേയറ്റം അപകടകരവും അസ്ഥിരവുമായൊരു സ്ഥിതിവിശേഷത്തെയാണ് അത് അഭിമുഖീകരിക്കുന്നതെന്നതും സത്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഈ കൊച്ചു ഗ്രഹത്തെ സംരക്ഷിക്കേണ്ടത് ഇവിടുത്തെ ഓരോരുത്തരുടെയും കർത്തവ്യമാണ്. അതിനുവേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവർക്കുമായി ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നു.

‘ 2024 ലെ ബുക്കർ പുരസ്‌കാരം നേടിയ വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരി സമാന്ത ഹാർവിയുടെ ഈ പ്രതികരണം ആഹ്ലാദത്തോടെയാണ് ലോകം ശ്രവിച്ചത്. മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭൂമിയുടെ സംരക്ഷണം എത്ര പ്രധാനമാണെന്ന സന്ദേശം നൽകുന്ന അവരുടെ ഓർബിറ്റൽ എന്ന നോവലാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹമായത്. വെറും 136 പേജുകളുള്ള ഈ സവിശേഷ രചന സാമന്തയുടെ അഞ്ചാമത്തെ നോവലാണ്. ബുക്കർ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഏറ്റവും ചെറിയ രചന എന്ന സവിശേഷതയും ഈ നോവലിനുണ്ട്.

നാൽപ്പത്തിയെട്ടുകാരിയായ സാമന്ത ഹാർവി (Samantha Harvey) യു കെയിലെ അറിയപ്പെടുന്ന നോവലിസ്റ്റാണ്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബാത്ത് എന്ന പൈതൃകനഗരത്തിൽ സർവകലാശാല അധ്യാപികയാണ് ഇവർ. സാമന്തയുടെ അഞ്ച് നോവലുകൾ ഇതിനോടകം വായനാലോകത്തെത്തിയിട്ടുണ്ട്. ആദ്യ നോവൽ The Wilderness 2009 ൽ ബുക്കർ പ്രൈസിന്റെ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. All Is Song, Dear Thief, The Western Wind എന്നിവയാണ് മറ്റു നോവലുകൾ. ഇവക്കു പുറമെ The Shapeless Unease എന്ന പേരിൽ ഓർമക്കുറിപ്പുകളുടെ സമാഹാരവും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റോഞ്ച് ബുക്ക്‌ പ്രൈസ്, എ എം ഐ ലിറ്റററി അവാർഡ്, ബെറ്റി ടാസ്ക് പ്രൈസ്, ഇൻവേർഡ്‌സ് ലിറ്റററി അവാർഡ് തുടങ്ങി ശ്രദ്ധേയങ്ങളായ നിരവധി പുരസ്‌കാരങ്ങൾ ഈ എഴുത്തുകാരിയെ തേടിയെത്തിയിട്ടുണ്ട്. ഓറഞ്ച് പ്രൈസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രശസ്തിനേടിയ ബഹുമതികളുടെ ചുരുക്കപ്പട്ടികകളിൽ അവരുടെ രചനകൾ പലപ്പോഴും ഇടം നേടിയിട്ടുമുണ്ട്.

ഒരു നീണ്ടകഥയുടെ ദൈർഘ്യം മാത്രമുള്ള രചനയാണ് ഓർബിറ്റൽ. 2020 ലെ കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ നിരന്തരമായ അടച്ചിടൽ കാലത്താണ് സാമന്ത ഹാർവി ഈ നോവൽ എഴുതിത്തീർത്തത്. ആറ് ബഹിരാകാശ യാത്രികരുടെ സ്പേസ് സ്റ്റേഷനിലെ ഒരു ദിവസത്തെ ജീവിതമാണ് ഈ നോവലിൽ ചിത്രീകരിക്കുന്നത്. അവിടെനിന്നും ഭൂമിയെ വീക്ഷിക്കുന്ന അവർ കാണുന്നത് മോഹിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളാണ്. ഇരുപത്തിനാല് മണിക്കൂർ സമയത്തിനുള്ളിൽ അവർ സാക്ഷ്യം വഹിക്കുന്നത് പതിനാറ് ഉദയാസ്തമയങ്ങൾക്കാണ്. ലോകം അവരുടെ മുന്നിൽ അതിദ്രുതം ചുറ്റിത്തിരിയുന്നു.

അതിനൊപ്പം ഋതുക്കളും കാലവും കാലാവസ്ഥയും മാറിമറിയുന്നു. വനങ്ങളും മരുഭൂമികളും പർവതങ്ങളും ഹിമാനികളുമെല്ലാം അവരുടെ കണ്മുന്നിലൂടെ കടന്നുപോകുന്ന അത്ഭുതകരമായ കാഴ്ച അതീവ ഹൃദ്യമായി വായനക്കാർക്ക് അനുഭവവേദ്യമാക്കുന്ന നോവലിസ്റ്റിന്റെ രചനാതന്ത്രം അന്യാദൃശമാണ്. അവിടെ സ്ഥല, സമയ ബോധം നിരന്തരം ലംഘിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്നു. ഭൂമിയെന്ന അതീവ മനോഹരമായ നമ്മുടെ വാസസ്ഥലത്തിന്റെ വർണക്കാഴ്ചകൾ തികച്ചും വ്യത്യസ്തമായൊരു ക്യാൻവാസിൽ അക്ഷരങ്ങളിലൂടെ പുനഃസൃഷ്ടിക്കപ്പെടുന്ന ഈ നോവൽ തികച്ചും പുതുമയുള്ളൊരു അനുഭവമാണ് വായനക്കാർക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ ഇത് കാഴ്ചകളുടെ പുസ്തകമാണെന്നും പറയാം.

“ഓർബിറ്റൽ എന്ന നോവൽ പ്രസരിപ്പിക്കുന്ന ചാരുതയും ശുഭചിന്തകളും അപാരമാണ്. നമ്മൾ അധിവസിക്കുന്ന, അമൂല്യവും, അതേസമയം അത്രയൊന്നും ഭദ്രമല്ലാത്തൊരു സ്ഥിതിവിശേഷം അഭിമുഖീകരിക്കുന്നതുമായ ഭൂമിയെച്ചൊല്ലി നോവലിസ്റ്റ് പ്രദർശിപ്പിക്കുന്ന സവിശേഷശ്രദ്ധയും പരിഗണനയും തികഞ്ഞ സത്യസന്ധതയോടെ പ്രതിഫലിപ്പിക്കുന്ന രചനയാണിത്.’ ബുക്കർ പുരസ്കാരനിർണയ സമിതി ഇങ്ങനെ വിലയിരുത്തുന്നു. അതോടൊപ്പം, മനുഷ്യരുടെ ആർത്തിപിടിച്ച ഇടപെടലുകൾ നയിക്കുന്ന അകാലമൃത്യുവിൽ നിന്നും നമ്മുടെ ഈ കൊച്ചുഗ്രഹത്തെ രക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചിന്തയും ഈ നോവൽ ഉണർത്തുന്നുണ്ട് എന്നത് വസ്തുതയാണ്.

Latest