Uae
കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരം; വിജയികള്‍ക്ക് ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാം
ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്- ഓക്‌സ്‌ഫോര്‍ഡ് സൈദ് ബിസിനസ് സ്‌കൂള്‍ കാലാവസ്ഥ വ്യതിയാന ചലഞ്ചിന്റെ രണ്ടാം പതിപ്പിന് തുടക്കം
അബുദാബി | ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനം ശക്തമായ ആഘാതങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍ അവയെ മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നൂതനാശയങ്ങളുണ്ടോ? എങ്കില്‍ ആഗോളതലത്തില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ചാലഞ്ചിലേക്ക് ഈ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. വിദഗ്ധരടങ്ങുന്ന ജൂറി ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച നിര്‍ദ്ദേശങ്ങള്‍ അസര്‍ബൈജാനിലെ ബാക്കുവില്‍ ഈ വര്‍ഷം നടക്കുന്ന സി ഒ പി 29 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ വിദഗ്ദര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാം. ഒപ്പം കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള പ്രത്യേക കോഴ്‌സ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പഠിക്കാം.
മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത്‌കെയര്‍ സേവനദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സൈദ് ബിസിനസ്സ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാന ചാലഞ്ചിന്റെ രണ്ടാം പതിപ്പാണ് ഇതിനു വേദിയൊരുക്കുന്നത്. ലോകമെമ്പാടുമുള്ള യുവാക്കളെ കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാലഞ്ച്.
കാലം തെറ്റി പെയ്യുന്ന കനത്ത മഴ, വെള്ളപ്പൊക്കം, വരള്‍ച്ച, ഉഷ്ണതരംഗം എന്നിവ മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്പിനെ തന്നെ മാറ്റി മറിക്കുമ്പോള്‍ നവീനമായ ആശയങ്ങളിലൂടെ വെല്ലുവിളികളെ എങ്ങിനെ നേരിടാമെന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദ്ദേശിക്കാനാകും.
കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ സജ്ജരായ അടുത്ത തലമുറയെ വളര്‍ത്തിയെടുക്കാനാണ് ഈ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു.
പരിഹാര നിര്‍ദ്ദേശങ്ങള്‍ തേടുന്നത് അഞ്ചു വിഷയങ്ങളില്‍
ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം, ജലക്ഷാമം, വായു മലിനീകരണം, തീവ്രമായ കാലാവസ്ഥ അവസ്ഥകള്‍ എന്നി അഞ്ച് വിഷയങ്ങളില്‍ ആശയങ്ങള്‍ സമര്‍പ്പിക്കാം. വിദ്യാര്‍ത്ഥികള്‍ മൂന്ന് മുതല്‍ അഞ്ചുപേര്‍ വരെയുള്ള ടീമുകളായാണ് പങ്കെടുക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ വിവിധ വശങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ രൂപകല്‍പ്പന ചെയ്ത പാഠ പദ്ധതികളുടെ രൂപത്തിലാണ് അധ്യാപകര്‍ അവരുടെ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. വ്യക്തിഗത വിഭാഗത്തിലാണ് അധ്യാപകര്‍ക്ക് പങ്കെടുക്കാനാവുക. ജൂണ്‍ 10 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കാലയളവ്.