Kerala
മുള്ളന്‍കൊല്ലി സുരഭിക്കവലയിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിറങ്ങി
പലതവണ കടുവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പിടിയിലാകാത്ത സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാന്‍ ഉത്തരവ് ഇറക്കിയത്.
വയനാട്| വയനാട്ടിലെ മുള്ളന്‍കൊല്ലി സുരഭിക്കവലയിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവിറങ്ങി. പലതവണ കടുവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പിടിയിലാകാത്ത സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാന്‍ ഉത്തരവ് ഇറക്കിയത്. ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഒരു മാസത്തിലധികമായി മുള്ളന്‍കൊല്ലി, പുല്‍പള്ളി മേഖലകളില്‍ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കടുവ ജനവാസമേഖലയിലിറങ്ങി നിരവധി വളര്‍ത്തുമൃഗങ്ങളെ പിടികൂടുകയും കൃഷിയിടത്തില്‍ തമ്പടിക്കുകയും ചെയ്തിരുന്നു.
കടുവയെ വടാനക്കവലയില്‍ കണ്ടു തെരച്ചില്‍ നടത്തുന്നതിനിടെ സുരഭിക്കവലയിലേക്കു പോയെന്നാണ് കരുതുന്നത്. രണ്ട് ദിവസം മുമ്പ് പകല്‍ സമയത്ത് കടുവ കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച് ആളുകളെ ഭയപ്പെടുത്തിയിരുന്നു. മൂന്ന് സ്ഥലത്ത് കൂട് സ്ഥാപിച്ച് കാത്തിരുന്നിട്ടും കടുവയെ പിടികൂടാന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. ആര്‍ആര്‍ടി സംഘത്തിന് പുറമേ പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.