Kerala
നെയ്യാറ്റിന്‍കരയില്‍ നിയന്ത്രണം വിട്ട കാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കയറി; ഓഫീസിന്റെ ഒരു ഭാഗം തകര്‍ന്നു
മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനാണ് വാഹനം ഇടിച്ച് കയറ്റിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തിരുവനന്തപുരം| നെയ്യാറ്റിന്‍കരയില്‍ നിയന്ത്രണംവിട്ട കാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കയറി. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ പഞ്ചായത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ പഞ്ചായത്തിന്റെ മതിലും ഗേറ്റും ഓഫീന്റെ ഗ്ലാസും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
വാഹനം അമിത വേഗതയിലെത്തി പഞ്ചായത്ത് ഓഫീസിന്റെ ഒരു ഭാഗം തകര്‍ക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനാണ് വാഹനം ഇടിച്ച് കയറ്റിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന് ശേഷം വാഹനമോടിച്ച ആള്‍ ബന്ധുവിനെ വിളിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ താടിയെല്ലിന് നിസാരമായി പരിക്കേറ്റതായി നാട്ടുകാര്‍ പറയുന്നു.
വാഹനത്തിന്റെ നമ്പര്‍ പോലീസുകാരന്റേതെന്നാണ് മനസ്സിലാവുന്നത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ.