Kerala
നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം; 54കാരന്‍ മരിച്ചു
പിക്കപ്പ് വരുന്നുന്നതു കണ്ട് അവിടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍മാറിയതിനാല്‍ രക്ഷപ്പെട്ടു.
പത്തനംതിട്ട | പത്തനംതിട്ട കുലശേഖരപതി ജംഗ്ഷനില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറിയ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുലശേഖരപതി അലങ്കാരത്ത് വടക്കേതില്‍ ഷാജഹാന്റെ മകന്‍ ഉബൈദുല്ലയാണ് (54) മരിച്ചത്.
പത്തനംതിട്ട – കുമ്പഴ റോഡില്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. കുലശേഖര പതി അലങ്കാരത്ത് അയ്യൂബ് ഖാന്റെ വീട്ടിലേക്കാണ് വാന്‍ ഇടിച്ചു കയറിയത്. സംഭവ സമയം അയ്യൂബ് ഖാനും സുഹൃത്തും അയല്‍വാസിയുമായ ഉബൈദുള്ളയും മറ്റൊരാളും വീടിന്റെ സിറ്റ്ഔട്ടില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. കാറിന്റെയും സിറ്റൗ ഔട്ടിന്റെ കൈവരികള്‍ക്കും ഇടയിലാണ് ഉബൈദുള്ള നിന്നിരുന്നത്. വീടിന് മുമ്പിലെ കടയില്‍ നാളികേരം ഇറക്കിയ ശേഷം തിരിക്കുകയായിരുന്ന വാന്‍ റോഡിലൂടെ കടന്നു പോയ ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് അയ്യൂബ്ഖാന്റെ വീട്ടിലേക്ക് പാഞ്ഞുകയറിയത്. ഗേറ്റ് തകര്‍ത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറി. ഇതിനിടെ കാറിന്റെയും സിറ്റൗട്ടിന്റെയും കൈവരിക്കിടയില്‍ ഉബൈദുള്ള ഞെരിഞ്ഞമര്‍ന്നു.
പിക്കപ്പ് വരുന്നുന്നതു കണ്ട് അവിടെ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍മാറിയതിനാല്‍ രക്ഷപ്പെട്ടു. ഉബെദുള്ള ഒഴിഞ്ഞു മാറുന്നതിനു മുമ്പ് അപകടം നടന്നുകഴിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് കാര്‍ നീക്കി ഉബൈദുള്ളയെ പുറത്തെടുത്തത്. പരിക്കേറ്റ ഉബൈദുല്ലയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും.
കുമ്പഴ റോഡില്‍ കുലശേഖരപതി ജംഗ്ഷന്‍ കേന്ദ്രീകരിച്ചു വിവിധ ആവശ്യങ്ങള്‍ക്ക് ഓടുന്ന വാനാണ് അപകടത്തില്‍പെട്ടത്. ഇവിടെയുള്ള കടയില്‍തേങ്ങയുംമറ്റും കയറ്റികൊണ്ടു വരുന്ന പിക്കപ്പാണിത്. കടയിലെ തൊഴിലാളി പമ്മം സ്വദേശി ഷെമിറാണ് വാഹനം ഓടിച്ചത്. ഇയാള്‍ക്ക് ഡ്രൈവിംഗില്‍ വൈദഗ്ധ്യം ഇല്ലെന്നും പറയുന്നു. ഷമീറിനെ കസ്റ്റഡിയില്‍ എടുത്ത പത്തനമതിട്ട പോലീസ് അപകടം സൃഷ്ടിച്ച വാഹനവും സ്‌റ്റേഷനിലേക്ക് മാറ്റി.