Connect with us

speaker election

എ എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 24-ാമത് സ്പീക്കര്‍

ഷംസീറിന് 96 വോട്ടും പ്രതിക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു

Published

|

Last Updated

തിരുവനന്തപുരം | കേരള നിയമസഭയുടെ 24-ാം സ്പീക്കറായി തലശ്ശേരി എ എന്‍ ഷംസീര്‍ എം എല്‍ എയെ തിരഞ്ഞെടുത്തു. ഇന്ന് നിയമസഭചേര്‍ന്നയുടന്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എ എന്‍ ഷംസീറിന് 96 വോട്ടും പ്രതിക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. . സഭ നിയന്ത്രിച്ചിരുന്നതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വോട്ട് ചെയ്തില്ല. വിദേശത്തായതിനാല്‍ ഭരണ പക്ഷത്തെ റോഷി അഗസ്റ്റിന്‍, ദലീമ ജോജോ എന്നിവരും വോട്ട് ചെയ്തില്ല. പ്രതിപക്ഷ നിരയില്‍ ഉംറക്ക് പോയ യു എ ലത്തീഫും വോട്ട് ചെയ്തില്ല.ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് ഷംസീറിനെ വിജയിയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഷംസീറിനെ ചെയറിലേക്ക് ആനയിച്ചു.

തലശ്ശേരിയില്‍ നിന്നുള്ള നിയമസഭാ അംഗമായ ഷംസീര്‍ 15-ാം കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കറാണ്. തലശ്ശേരിയില്‍ നിന്ന് രണ്ടാം തവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്.  സ്പീക്കറായ എം ബി രാജേഷ് മന്ത്രിസഭാ അംഗമായതിനെത്തുടര്‍ന്നാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്.  സര്‍ക്കാറിനായി സഭയില്‍ വീറോടെ പോരാടിയ ഷംസീര്‍ ആ സ്ഥാനത്ത് നിന്നാണ് സഭാ നടത്തിപ്പിലേക്ക് വരുന്നതെന്ന് ശ്രദ്ധേയമാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷംസീര്‍ പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരില്‍ നിന്ന് സ്പീക്കറാകുന്ന ആദ്യ വ്യക്തിയാണ്.

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു എ ന്‍െ ഷംസീര്‍. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗവ. ബ്രണ്ണന്‍ കോളജില്‍നിന്ന് ഫിലോസഫി ബിരുദവും കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍നിന്ന് എല്‍ എല്‍ ബിയും എല്‍ എല്‍ എമ്മും പൂര്‍ത്തിയാക്കി.

കോടിയേരി മാടപ്പീടിക്ക്കുസമീപം എക്കണ്ടി നടുവിലേരിയിലെ റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ എന്‍ സറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി എം സഹല (കണ്ണൂര്‍ സര്‍വകലാശാല ഗസ്റ്റ് അധ്യാപിക). മകന്‍: ഇസാന്‍.