opposition protest
സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷത്തിൻ്റെ അസാധാരണ ഉപരോധം; കൈയേറ്റ പരാതി, ബഹളം
തിരുവഞ്ചൂർ രാധാകൃഷ്ണനെ കൈയേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. സനീഷ് കുമാർ എം എൽ എ കുഴഞ്ഞുവീണു.
തിരുവനന്തപുരം | സ്പീക്കർ എ എൻ ശംസീറിന്റെ നിയമസഭയിലെ ഓഫീസിന് മുന്നിൽ അസാധാരണ പ്രതിഷേധം നടത്തി പ്രതിപക്ഷം. അടിയന്തര പ്രമേയ അനുമതികൾ തുടർച്ചയായി നിഷേധിച്ചതും സ്പീക്കറുടെ അസാധാരണ അഭിപ്രായപ്രകടനങ്ങളുമാണ് പ്രതിഷേധത്തിന് കാരണം. സ്പീക്കർക്ക് വഴിയൊരുക്കാൻ വാച്ച് ആൻഡ് വാർഡ് അംഗങ്ങളെ പിടിച്ചുമാറ്റാൻ ശ്രമിച്ചു.
വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ പ്രതിപക്ഷ അംഗങ്ങളെ എടുത്തുകൊണ്ടുകൊണ്ടുപോയി. മുതിർന്ന അംഗം തിരുവഞ്ചൂർ രാധാകൃഷ്ണനെ കൈയേറ്റം ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിനിടെ, ഭരണപക്ഷ എം എൽ എമാരും ഓഫീസിന് മുന്നിലെത്തിയതോടെ ബഹളം ശക്തമായി. ഇവർ നേർക്കുനേർ നിലയുറപ്പിക്കുകയും ചെയ്തു. ഇതിനിടെ സനീഷ് കുമാർ എം എൽ എ കുഴഞ്ഞുവീണു. കൈയേറ്റത്തെ തുടർന്നാണ് സനീഷ് കുഴഞ്ഞുവീണതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലെ ഡോക്ടർമാർ ഇദ്ദേഹത്തെ പരിശോധിക്കുകയും തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഇതിനിടെ, പ്രശ്നപരിഹാരത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചില അംഗങ്ങളും സ്പീക്കറുടെ ഓഫീസിലെത്തി ചർച്ച നടത്തി. അര മണിക്കൂറോളം നീണ്ട ബഹളത്തിനൊടുവിൽ അംഗങ്ങൾ ഒഴിഞ്ഞുപോകുകയായിരുന്നു.