Connect with us

anathalavattom anandan

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

ഒരാഴ്ചയായി ചികിത്സയിലായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | മുതിർന്ന സി പി എം, ട്രേഡ് യൂനിയൻ നേതാവ് ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ട് 5.10നായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സി ഐ ടി യു സംസ്ഥാന പ്രസിഡൻ്റായിരുന്നു.

ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം രാത്രി 7 മണിയോടെ ചിറയിൻകീഴിലുള്ള വസതിയിൽ കൊണ്ടുവരും. നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണി വരെ ചിറയിൻകീഴ് പണ്ടകശാല ആൽത്തറമൂട് വസതിയിൽ പൊതുദർശനം. 11 മണി മുതൽ AKG സെന്ററിൽ പൊതുദർശനം. ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സി ഐ ടി യു സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനം. തുടർന്ന് 5 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും.

1937 ഏപ്രിൽ 22ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ നാരായണിയുടെയും വി.കൃഷ്ണന്റെയും മകനായി ജനനം. 1954ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്ക് ആനന്ദന് രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രവർത്തനത്തിലേക്കും വഴിതുറന്നു.

വർക്കല വിളഭാഗം കേന്ദ്രീകരിച്ച് 1950 ൽ രൂപപ്പെട്ട ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ എന്ന തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് ഈ സമരം നടന്നത്. 1958ൽ സമരം ഫലപ്രാപ്തിയിലെത്തി. ഈ സമരത്തിനായി റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയി ലഭിച്ച ജോലി അദ്ദേഹം വേണ്ടെന്ന് വച്ചു. ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, മറ്റു പ്രാദേശിക യൂണിയനുകളുടെ ഭാരവാഹി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചു. 1956ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം ആയി. പാർട്ടി പിളർന്നപ്പോൾ സി.പി.എം വിഭാഗത്തിൽ ചേർന്നു.

1971ൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, കേരള കയർ വർക്കേഴ്സ് സെന്റർ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 1972ൽ കേരള കയർ വർക്കേഴ്സ് സെന്റർ സെക്രട്ടറി ആയി.

2009 മുതൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. സി.ഐ.ടി.യു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമാണ്. അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആയും പ്രവർത്തിച്ചുവരുന്നു.

1987-ല്‍ ആറ്റിങ്ങലില്‍നിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 1991-ല്‍ വീണ്ടും മത്സരിച്ചെങ്കിലും 316 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി. ശരത്ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 1996-ല്‍ ആറ്റിങ്ങലില്‍ത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006-ല്‍ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കയര്‍മിത്ര പുരസ്‌കാരം, കയര്‍ മില്ലനിയം പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ കയര്‍ അവാര്‍ഡ്, സി.കേശവന്‍ സ്മാരക പുരസ്‌കാരം, എന്‍.ശ്രീകണ്ഠന്‍ നായര്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.

Latest