Connect with us

National

അനന്ത്‌നാഗ് ഏറ്റുമുട്ടല്‍: ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു

മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം കണ്ടെടുത്തു. ഇതോടെ അനന്ത്‌നാഗില്‍ ഓപ്പറേഷനില്‍ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി. അതേസമയം കൊക്കര്‍ നാഗില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടന്നു. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലിനിടെ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ശിപായി പ്രദീപ് സിംഗി(27)നാണ് ജീവന്‍ നഷ്ടമായത്. ഏഴുവര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിച്ച പ്രദീപ് പഞ്ചാബിലെ പട്യാല സ്വദേശിയാണ്. സെപ്തംബര്‍ 13 മുതലാണ് പ്രദീപിനെ കാണാതായത്.

അതേസമയം, കൊക്കര്‍നാഗ് വനത്തില്‍ നിന്ന് രണ്ട് ഭീകരരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷാസേന ഡിഎന്‍എ പരിശോധന നടത്തിയേക്കും. മൃതദേഹങ്ങളില്‍ ഒന്ന് ലഷ്‌കര്‍ കമാന്‍ഡര്‍ ഉസൈര്‍ ഖാന്റേതാകാമെന്നാണ് സൂചന. അനന്ത്നാഗ് ജില്ലയില്‍ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന കൊക്കര്‍നാഗ് തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷനാണ്.