Editors Pick
ആനത്തലവട്ടം: മുഖം നോക്കാതെ പൊരുതിയ തൊഴിലാളികളുടെ പടത്തലവൻ
സ്കൂൾ പഠനകഷാലത്ത് തന്നെ ട്രാവന്‍കൂര്‍ കയര്‍തൊഴിലാളി യൂണിയന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ച് അദ്ദേഹം സമരരരംഗത്തിറങ്ങി. ഏറെ വൈകാതെ റെയില്‍വേയില്‍ ജോലി കിട്ടിയെങ്കിലും ഒരു മാസമായി തുടരുന്ന കയര്‍തൊഴിലാളി സമരം പാതിവഴിയില്‍ അവസാനിപ്പിച്ച് പോകില്ലെന്നായിരുന്നു നിലപാട്.
തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തിയുക്തം സമരഭൂമിയിലിറങ്ങിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. അവകാശ ലംഘനങ്ങളിൽ മുഖംനോക്കാതെ ഇടപെട്ട ചരിത്രമാണ് അദ്ദേഹത്തിന്റെത്. സ്വന്തം പാർട്ടി അധികാരത്തിലിരിക്കുമ്പോൾ പോലും തൊഴിലാളി പ്രശ്നങ്ങളിൽ അദ്ദേഹം വീറോടെ ഇടപെട്ടു. കയർതൊഴിലാളികൾക്കിടയിൽ ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തി രാഷ്ട്രീയത്തിലേക്ക് കടന്നുകയറിയ ആനത്തലവട്ടം അവസാന ശ്വാസം വരെ തൊഴിലാളികളുടെ ശബ്ദമായി അവർക്കൊപ്പം നിന്നു.
ചിറയിന്‍കീഴിനടുത്ത് കയർത്തൊഴിലാളി ഗ്രാമത്തിലായിരുന്നു ആനത്തലവട്ടത്തിന്റെ ജനനം. വൈദ്യുതിയും ഗതാഗത സൗകര്യങ്ങളുമില്ലാത്ത അക്കാലത്ത് കയർതൊഴിലാളികളുടെ കഷ്ടപാടുകൾ നേരിൽ കണ്ടാണ് ആനത്തലവട്ടം വളർന്നത്. സ്കൂൾ പഠനകഷാലത്ത് തന്നെ ട്രാവന്‍കൂര്‍ കയര്‍തൊഴിലാളി യൂണിയന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ച് അദ്ദേഹം സമരരരംഗത്തിറങ്ങി. ഏറെ വൈകാതെ റെയില്‍വേയില്‍ ജോലി കിട്ടിയെങ്കിലും ഒരു മാസമായി തുടരുന്ന കയര്‍തൊഴിലാളി സമരം പാതിവഴിയില്‍ അവസാനിപ്പിച്ച് പോകില്ലെന്നായിരുന്നു നിലപാട്.
1957ൽ കേരളത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന കാലത്ത് കയർതൊഴിലാളി സമരത്തിന് അന്ന് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ആനത്തലവട്ടം ആനന്ദൻ നേതൃത്വം നൽകി. 1954ലെ പട്ടം താണുപിള്ളയുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കയര്‍തൊഴിലാളികളുടെ കൂലിവര്‍ധന സ്വന്തം പാർട്ടി അധികാരത്തിൽ വന്നിട്ടും നടപ്പാക്കാത്തതിലായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. സ്ത്രീകളുള്‍പ്പെടെ നൂറിലേറെ വരുന്ന കയര്‍തൊഴിലാളികളുമായി ആനത്തലവട്ടം സെക്രട്ടറിയറ്റ് മാർച്ച് നയിച്ച് തൊഴിലാളി സംഘടനയുടെ വീര്യം പുറത്തെടുത്തു. സമരം ചർച്ചാവിഷയമായപ്പോൾ ഇഎംഎസ് തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. ഭരണവും സമരവും ഒരുമിച്ചുകൊണ്ടുപോകണമെന്നും സർക്കാറിന്റെ പരിമിതികൾ മനസ്സിലാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏരിയ കമ്മിറ്റി അംഗവും ചിറയിന്‍കീഴ് ലോക്കല്‍ സെക്രട്ടറിയുമായിരിക്കെ മോട്ടോര്‍തൊഴിലാളി യൂണിയന്റെ മുഴുവന്‍ സമയ ചുമതല നൽകി സി എച്ച് കണാരനാണ് ആനത്തവലട്ടം ആനന്ദനെ പാർട്ടി പ്രവർത്തനത്തിൽ സജീവമാക്കിയത്. 1975 ജൂണ്‍ 12ന് ബോംബെ ഷണ്‍മുഖാനന്ദ ഹാളില്‍നടന്ന സിഐടിയുവിന്റെ രണ്ടാം അഖിലേന്ത്യ സമ്മേളന പ്രതിനിധി ആയി. സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
സമരക്കാരെയും പാർട്ടി നേതാക്കളെയും തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്ന ആ കാലത്ത് ആനത്തലവട്ടം ആനന്ദനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒടുവിൽ ഇഎംഎസ് ഇടപെട്ട് അദ്ദേഹത്തിന് ഒളിവിൽ പോകാൻ നിർദേശം നൽകി. ഒന്നരവര്‍ഷം ഒളിവിലും രണ്ടുമാസം ജയിലിലും കഴിഞ്ഞു.
കേരളത്തിലെ കയര്‍തൊഴിലാളികളെ സംഘടിപ്പിച്ച് 1975ല്‍ മാര്‍ച്ച് 31 മുതല്‍ മെയ് 11വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പട്ടിണിജാഥ ശ്രദ്ധേയമായിരുന്നു. ജാഥയുടെ സമാപനത്തില്‍ കിഴക്കേ കോട്ടയില്‍ എ കെ ജിയും തമ്പാനൂരില്‍ ഇ എം എസും പങ്കെടുത്തു.
അവസാനകാലത്തും സിപിഎം ഭരിക്കുന്ന കേരളത്തിൽ അദ്ദേഹം തൊഴിൽ പ്രശ്നങ്ങളിൽ ഇടപെട്ടു. കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പ്രശ്നം പരിഹരിക്കാൻ ആഴ്ചകൾക്ക് മുമ്പും അദ്ദേഹം മന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു.
ചുരുക്കത്തിൽ ഊണിലും ഉറക്കിലും തൊഴിലാളി വർഗത്തിന് വേണ്ടി പോരടിച്ച നേതാവിനെയാണ് ആനത്തലവട്ടം ആനന്ദൻ കടന്നുപോകുമ്പോൾ കേരളക്കരക്ക് നഷ്ടമാകുന്നത്.