യാത്രാനുഭവം
ചെങ്കടൽ തീരത്തെ പൗരാണിക പട്ടണം
ഒട്ടേറെ ചരിത്രങ്ങളുറങ്ങുന്ന പൗരാണിക നഗരമാണ് ഹുദൈദ. രാജകൊട്ടാരങ്ങളുടെ ശേഷിപ്പുകൾ, മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ച സൗധങ്ങൾ, ശിൽപ്പഭംഗിയുടെ പ്രാചീന ചാരുത നെഞ്ചേറ്റിയ ആരാധനാലയങ്ങൾ, ചരിത്ര നിർമിതികൾ തുടങ്ങി പ്രാചീന സംസ്കാരങ്ങളുടെ ഒട്ടേറെ കഥകളും ഈ മണ്ണിലുറങ്ങുന്നുണ്ട്.
റബീഉൽ അവ്വലിലെ അവധിക്കാലത്ത് വളരെ യാദൃച്ഛികമായാണ് ഹുദൈദ, സബീദ് യാത്രക്ക് അവസരമൊരുങ്ങിയത്. ഹുദൈദയിൽ നടക്കുന്ന ഒരു പ്രാദേശിക പരിപാടിക്ക് ക്യാമ്പസിൽ നിന്നും ഏതാനും വിദ്യാർഥികൾ പോകുന്നുണ്ടെന്നും ചെറിയ ചെലവിൽ അവർ പോകുന്ന ബസിൽ യാത്ര ചെയ്ത് ചരിത്രപ്രധാനമായ രണ്ട് നഗരങ്ങൾ സന്ദർശിക്കാനാകുമെന്നും അറിഞ്ഞപ്പോൾ ശങ്കിച്ചു നിന്നില്ല, ഉടനെ ഞങ്ങൾ സീറ്റുറപ്പിച്ചു. ദാറുൽ മുസ്ത്വഫയുടെ പരിസരത്ത് നിന്നാണ് ബസ് പുറപ്പെടുന്നത്. ഹുദൈദയിലേക്കാണ് ആദ്യം പോകുന്നത്. തരീമിൽ നിന്നും റോഡ് മാർഗം ആയിരത്തോളം കിലോമീറ്റർ യാത്ര ചെയ്യാനുണ്ട്. അഞ്ച് ദിവസത്തെ യാത്രക്കുള്ള എല്ലാ സംവിധാനങ്ങളുമായാണ് ഞങ്ങൾ പുറപ്പെട്ടത്. ആഴ്ച തോറും നടക്കാറുള്ള ദഅ്വ യാത്രയെപ്പോലെ ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികളും കരുതിയിട്ടുണ്ട്. തലസ്ഥാന നഗരിയായ സ്വൻഅയിലൂടെയാണ് ഹുദൈദയിലേക്ക് പോകേണ്ടത്. നാട്ടിൽ നിന്നും വരുന്ന സമയത്ത് സ്വൻഅയിൽ ഇറങ്ങിയപ്പോൾ കാണാൻ കഴിയാത്ത ഒട്ടനേകം ചരിത്ര ശേഷിപ്പുകൾ ഈ യാത്രയിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പുറപ്പെടുന്നത്.
യാത്രക്കിടയിൽ വഴിയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലെല്ലാം സിയാറത്തിനായി ഇറങ്ങിയത് കാരണം സ്വൻഅയിലെത്തുമ്പോൾ രാത്രി വളരെ വൈകിയിരുന്നു. ശരീരത്തിൽ തുളച്ച് കയറുന്ന കൊടും തണുപ്പുള്ള രാത്രി. സ്വൻഅയിൽ ഏത് കാലവും തണുപ്പായിരിക്കും. തണുപ്പ് കൂടുകയും കുറയുകയും ചെയ്യുക മാത്രമാണിവിടെ എന്ന് കൂട്ടുകാർ പലപ്പോഴും പറയാറുണ്ട്. തത്കാലം അൽപ്പ നേരം വിശ്രമിക്കാനായി സ്വൻഅയിലെ സൗകര്യമുള്ള ഒരു പള്ളിയിൽ ഞങ്ങളിറങ്ങി. യാത്രയുടെ ക്ഷീണം കാരണം എല്ലാവരും വേഗം ഉറക്കത്തിലേക്ക് വീണു. സുബ്ഹ് നിസ്കാര ശേഷം പ്രാതൽ കഴിച്ച് പെട്ടെന്ന് പോകണമെന്ന നിർദേശമുള്ളത് കൊണ്ട് സ്വൻഅയിലെ കാഴ്ചകൾ തിരിച്ചുവരുമ്പോൾ കാണാമെന്ന് വെച്ച് വീണ്ടും യാത്ര തുടർന്നു.
സ്വൻഅയിൽ നിന്നും ഹുദൈദയിലേക്കുള്ള യാത്ര തീർത്തും വ്യത്യസ്തമായിരുന്നു. പട്ടണത്തിന്റെ തിരക്കുകളിൽ നിന്നും മാറി അൽപ്പം മുന്നോട്ട് പോയപ്പോഴേക്കും കൂറ്റൻ മലകൾ നാല് ഭാഗവും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇനി അൽപ്പം സാഹസിക യാത്രയാണ്. “ജബലുന്നബി ശുഐബ്’ എന്ന കൂറ്റൻ പർവതത്തിന്റെ താഴ്്വരയിലാണ് ഇപ്പോൾ ഞങ്ങളുള്ളത്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയതും അറേബ്യൻ ഉപദ്വീപിലെ മൂന്നാമത്തെ കൊടുമുടിയുമാണിത്. സമുദ്രനിരപ്പിൽ നിന്നും 12,028 അടിയാണ് ഇതിന്റെ ഉയരം. ചെങ്കുത്തായ പർവതത്തിന്റെ ഏതാനും ഭാഗത്തെ വളഞ്ഞ് പുളഞ്ഞ കരിങ്കൽ പാതകൾ കയറി വേണം ഹുദൈദയിലെത്താൻ. സ്വൻഅയിൽ നിന്നും ഇരുന്നൂറിലധികം കിലോമീറ്റർ ദൂരമുണ്ട്. വളരെ മെല്ലെയാണ് വാഹനം നീങ്ങുന്നത്.
മുകളിലേക്കെത്തുന്നതോടെ സ്വൻആ പട്ടണത്തിന്റെ വർണാഭമായ കാഴ്ചകൾ മുഴുവൻ തെളിഞ്ഞു വന്നു. താഴെ, ഞങ്ങൾ കയറിവന്ന പാതകൾ ചുരുണ്ട് മടങ്ങിക്കിടക്കുന്നു. വളരെ സൂക്ഷ്മമായി നോക്കിയാൽ ആ മലമ്പാതകളിലൂടെ വാഹനങ്ങൾ കയറിവരുന്നത് കാണാം. ഇനിയും ഏറെ ദൂരം കയറാനുണ്ട്. ചുരം കയറിക്കഴിഞ്ഞാൽ അൽ ഹംറ പ്രവിശ്യയിലേക്കാണെത്തുക. ഇവിടെ നല്ല നിരപ്പായ പാതയാണ്. പാതയുടെ ഇരു ഭാഗങ്ങളിലും നിറയെ തോട്ടങ്ങൾ. ഈന്തപ്പനയും ഓറഞ്ചുമാണ്. ഓറഞ്ച് മരങ്ങളിൽ പഴുത്ത് പാകമായ ഓറഞ്ച് നിറഞ്ഞു നിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്. നല്ല ചൂടുള്ള കാലാവസ്ഥയാണിവിടെ. നിസ്കാരത്തിനായി ഒരിടത്ത് വാഹനം നിർത്തിയപ്പോൾ ചൂട് കാരണം എല്ലാവരും വിയർക്കാൻ തുടങ്ങി. തരീമിൽ കൊടും ചൂടുള്ള കാലാവസ്ഥയിലും വിയർക്കാറില്ലായിരുന്നു. അന്തരീക്ഷത്തിൽ ജലാംശം ഉള്ളത് കൊണ്ടാണത്രെ ഇങ്ങനെ സംഭവിക്കുന്നത്.
സ്വൻഅയിലെ കൊടും തണുപ്പിൽ മൂടിപ്പുതച്ചു വന്ന ഞങ്ങൾ കോട്ടും ശാളും എല്ലാം അഴിച്ചു വെച്ചു. ഇനി ഹുദൈദയിലേക്കെത്താൻ എഴുപത്തഞ്ച് കിലോമീറ്റർ മലയിറങ്ങണം. ഇതുവരെ കണ്ട മലമ്പാതകൾക്ക് പകരം മരങ്ങളും പച്ചിലകളും നിറഞ്ഞ കാനനപാതയിലൂടെയാണ് ഇനി പോകാനുള്ളത്. വാഹനം വേഗം കുറച്ച് താഴോട്ട് ഇറങ്ങുകയാണ്. ഇടക്ക്, ജാലകക്കാഴ്ചകൾക്ക് ആനന്ദം പകർന്ന് പച്ചപ്പുൽമേടുകൾ, തെളിനീരൊഴുകുന്ന കൊച്ചു നീർച്ചാലുകൾ, വെള്ളം നിറഞ്ഞ് നിൽക്കുന്ന വലിയ കരിങ്കൽ കുഴികൾ തുടങ്ങി അതിമനോഹരമാണീ വശ്യത. പിന്നീട് പട്ടണത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു. റബീഇന്റെ സ്നേഹ വസന്തം സമാഗതമായതിന്റെ സൂചനാ ബോർഡുകളും സ്വാഗതമോതുന്ന കൂറ്റൻ കമാനങ്ങളും പ്രധാന പാതയുടെ ഇരുവശങ്ങളിലും ഉയർന്ന് നിൽക്കുന്നുണ്ട്.
പട്ടണത്തിൽ നിന്നും അൽപ്പം മുന്നോട്ട് പോയാണ് ഞങ്ങളുടെ വാഹനം നിർത്തിയത്. “സൂഖുൽ ഹുനൂദ്’ (ഇന്ത്യക്കാരുടെ അങ്ങാടി) എന്ന ബോർഡ് കണ്ടപ്പോൾ വിസ്മയം തോന്നി. ബ്രിട്ടീഷ് അധിനിവേശ കാലത്ത് തന്നെ ഇന്ത്യയിൽ നിന്നും, ഗതാഗത യോഗ്യമായ യമനിലെ എഡൻ-ഹുദൈദ തുറമുഖങ്ങളിലൂടെ കുടിയേറ്റം നടത്തുകയും യമനികളുമായി വിവാഹ ബന്ധത്തിലേർപ്പെട്ട് വീടും കുടുംബവുമായി കഴിയുന്ന അനേകം ഇന്ത്യക്കാരുടെ വാസകേന്ദ്രമാണത്രെ സൂഖുല് ഹുനൂദ്. വീടുകളും ചുറ്റുപാടും ഇന്ത്യൻ നാഗരികതയുടെ രൂപവും ഭാവവും വിളിച്ചോതുന്നുണ്ട്.
ഹുദൈദയിലേക്കുള്ള പാതയോരങ്ങളിൽ പൂത്തു നിൽക്കുന്ന മാന്തോട്ടങ്ങളും എക്കർ കണക്കിന് വഴത്തോട്ടങ്ങളും ഒരു കേരളീയ കാലാന്തരീക്ഷം ചിത്രീകരിക്കുന്നതായി തോന്നി. ദീർഘമായ യാത്രക്കൊടുവിൽ ഞങ്ങൾ ഹുദൈദയിലെ താമസ സ്ഥലത്തെത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു.
ചെങ്കടൽ തീരത്തെ തുറമുഖ പട്ടണമാണ് ഹുദൈദ. ഒട്ടേറെ ചരിത്രങ്ങളുറങ്ങുന്ന പൗരാണിക നഗരം. രാജകൊട്ടാരങ്ങളുടെ ശേഷിപ്പുകൾ, മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ച സൗധങ്ങൾ, ശിൽപ്പഭംഗിയുടെ പ്രാചീന ചാരുത നെഞ്ചേറ്റിയ ആരാധനാലയങ്ങൾ, ചരിത്ര നിർമിതികൾ തുടങ്ങി പ്രാചീന സംസ്കാരങ്ങളുടെ ഒട്ടേറെ കഥകളും ഈ മണ്ണിലുറങ്ങുന്നുണ്ട്. പ്രധാന പാതയുടെ നടുവിലായി പുൽത്തകിടിയും ഇടവിട്ട് ഈന്തപ്പനകളും മറ്റു പൊക്കം കുറഞ്ഞ വൃക്ഷത്തൈകളും വെച്ച് പിടിപ്പിച്ച് വളരെ മനോഹരമാക്കിയിരിക്കുന്നു. പക്ഷേ, ഇന്ന് സഊദി – ഹൂത്തി സംഘട്ടനത്തിന്റെ എല്ലാ പ്രഹരങ്ങളുമേറ്റ് രക്തം തളം കെട്ടി നിൽക്കുന്ന മണൽത്തരികളാണ് ഹുദൈദയുടെ ചെങ്കടൽ തീരം. ചരിത്രത്തെയും സംസ്കാരങ്ങളെയും നട്ടുനനച്ച ഈ മണ്ണ് ക്രൂരതയുടെ കാൽപാടുകൾ വീണ് പങ്കിലമായിരിക്കുന്നു.!
ഞങ്ങളുടെ താമസ സ്ഥലത്ത് നിന്നും ചെങ്കടൽ തീരത്തേക്ക് നടക്കാനുള്ള ദൂരം മാത്രമാണുള്ളത്. ഹുദൈദയിൽ നടക്കുന്ന പ്രാദേശിക പരിപാടിക്ക് വന്നവർ അതിൽ പങ്കെടുക്കാൻ പോയി. ചരിത്ര നഗരം സന്ദർശിക്കാനായി വന്ന ഞങ്ങൾ ഏതാനും പേർ മാത്രമാണ് ബാക്കിയുള്ളത്. അടുത്ത ദിവസം, തിരുപ്പിറവിയുടെ ആനന്ദം അലയടിക്കുന്ന റബീഉൽ അവ്വൽ പന്ത്രണ്ടാണ്. ഈ വർഷം നബിദിനം തിങ്കളാഴ്ച ദിവസമായത് തന്നെ ഞങ്ങളെ കൂടുതൽ സന്തോഷഭരിതരാക്കി. സുബ്ഹിക്ക് മുമ്പ് എല്ലാവരും എഴുന്നേറ്റു. ലോകം മുഴുവൻ ആഘോഷിക്കുന്ന സന്തോഷപ്പുലരിയിൽ ചെങ്കടൽ കാറ്റിന്റെ സംഗീതത്തിന് താളം പിടിച്ച് ഞങ്ങൾ മൗലിദ് പാരായണം നടത്തി.
ഉച്ചയോടെ വീണ്ടും ഒരു സന്തോഷം ഞങ്ങളെ തേടിയെത്തി. ഹുദൈദയിലെ പൗരപ്രമുഖനായ സയ്യിദ് സാലിം ജുനൈദിയുടെ നേതൃത്വത്തിൽ പട്ടണത്തിലെ ഒരു ഓഡിറ്റോറിയത്തിൽ വെച്ച് ഗംഭീരമായ മൗലിദാഘോഷം നടക്കുന്നുണ്ട്. അതിലേക്ക് ദാറുൽ മുസ്ത്വഫയിൽ നിന്നും വന്ന വിദ്യാർഥികളെ പ്രത്യേകം ക്ഷണിച്ചിരിക്കുന്നുവെന്ന വാർത്തയാണത്. വളരെ ആനന്ദത്തോടെയാണ് ഞങ്ങൾ ആ പരിപാടിയിലേക്കെത്തിയത്. ഓഡിറ്റോറിയത്തിന് പുറത്ത് സൈന്യം സുരക്ഷാവലയം തീർത്തിരിക്കുന്നു. ശിയാ – സലഫി ആക്രമണങ്ങളെ പ്രതിരോധിക്കാനാണത്രെ ഈ സുരക്ഷ! ഞങ്ങൾ ഉള്ളിലേക്ക് കയറി. ദീപാലംകൃതമായ വേദിയും സദസ്സും. മഗ്്രിബ് നിസ്കാര ശേഷം വിവിധ ട്രൂപ്പുകൾ സ്റ്റേജിൽ അണിനിരന്നു. അറബനയുടെ അകമ്പടിയിൽ നശീദകളും മദ്ഹ് ഗീതങ്ങളും ആലപിക്കാൻ തുടങ്ങി. സയ്യിദ് സാലിം ജുനൈദി സ്റ്റേജിന്റെ മുൻനിരയിൽ തന്നെയുണ്ട്. ലോക പ്രശസ്ത പണ്ഡിതനും പ്രബോധകനുമായ ജോർദാനിലെ ശൈഖ് ഔൻ ഖദ്ദൂമിയാണ് മുഖ്യാതിഥി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് നേരിൽ കാണുന്നത്. പരിപാടിക്കെത്തിയവർക്ക് സയ്യിദ് ജുനൈദി ഒരുക്കിയിരുന്ന ഗംഭീരമായ സദ്യ കഴിച്ചാണ് എല്ലാവരും പിരിഞ്ഞു പോയത്.