Connect with us

Ramzan

ഖദ്‌റിന്റെ രാത്രി നിഗൂഢമാക്കിയതും കാരുണ്യവാന്റെ കനിവാണ്

ഇനിയുള്ള രാവുകളിൽ പ്രത്യേകമായി ലൈലതുൽ ഖദ്‌റിനെ പ്രതീക്ഷിക്കുക. ഖുർആൻ പാരായണവും രാത്രി നിസ്‌കാരങ്ങളുമായി ഉറക്കമളിച്ചിരിക്കുക. ഇടതടവില്ലാതെ ദൈവിക സ്മരണകൾ ഉരുവിട്ടുകൊണ്ടിരിക്കുക

Published

|

Last Updated

റമസാനിലെ അവസാനത്തെ ഏഴ് ദിവസങ്ങൾ നിർണായകമാണ്. ഏറെ വിശേഷപ്പെട്ട ഖദ്‌റിന്റെ രാത്രി ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാനായി തിരുനബി ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇബ്‌നു ഉമർ (റ) നിവേദനം ചെയ്യുന്നു. ലൈലതുൽ ഖദ്റ് റമസാനിലെ അവസാനത്തെ ഏഴ് രാത്രികളിലാണെന്ന് നബി (സ) യുടെ അനുയായികളിൽപ്പെട്ട ചിലർക്ക് സ്വപ്‌ന ദർശനമുണ്ടായി. ഇതറിഞ്ഞ നബി അവരോട് പറഞ്ഞു. നിങ്ങൾ എല്ലാവരുടെയും കിനാവുകൾ അവസാനത്തെ ഏഴിൽ ഒത്തുവന്നതായി ഞാൻ കാണുന്നു. അതിനാൽ നിങ്ങൾ അവസാനത്തെ ഏഴ് ദിവസങ്ങളിൽ അതിനെ പ്രതീക്ഷിക്കുക.

അല്ലാഹു അവന്റെ സൃഷ്ടികൾക്കുവേണ്ടി നൽകിയ രാത്രിയാണ് ലൈലതുൽ ഖദ്‌റ്. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമാണത്. അന്ന് ചെയ്യുന്ന ദാനധർമങ്ങൾക്കും ഖുർആൻ പാരായണത്തിനും പ്രാർഥനകൾക്കും നിസ്‌കാരങ്ങൾക്കുമെല്ലാം ആയിരം മാസം ചെയ്തതിന് തുല്യമായ പ്രതിഫലം ലഭിക്കും.

എന്നാൽ ഏത് ദിവസത്തിലാണാ പവിത്ര രാവെന്ന് വ്യക്തമാക്കിത്തന്നിട്ടില്ല. 83 വർഷത്തിന് സമാനമായ രാത്രി ഏതെന്ന് വ്യക്തമാക്കിക്കൊടുത്താൽ അന്ന് മാത്രം ആരാധനകളെടുത്ത് ലാഭം കൊയ്ത് രക്ഷപ്പെടുമോ എന്ന കുടില ചിന്താഗതി അല്ലാഹുവിനോട് യോജിക്കുകയില്ല.
ഈ നിഗൂഢത അല്ലാഹു അവന്റെ സൃഷ്ടികൾക്ക് അനുകൂലമായി ചെയ്തതായിട്ട് മനസ്സിലാക്കിയാൽ മതി. കാരണം, തെറ്റുകളും തിന്മകളും മനുഷ്യ സഹജമാണ്. അതിൽ നിന്ന് അകന്നു കഴിയൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമാണ്. ഖദ്‌റിന്റെ രാത്രിയായി നിശ്ചയിച്ചു തന്ന സമയങ്ങളിൽ പോലും മനുഷ്യൻ പാപങ്ങൾ പ്രവർത്തിച്ചേക്കാം. ഇത്രയെല്ലാം മഹത്വങ്ങൾ പറയപ്പെട്ട ദിവസത്തിലും പാപം ചെയ്യുന്നവർ എത്ര വലിയ അപരാധികളായാണ് കണക്കാക്കപ്പെടുക. ഈ ദുര്യോഗത്തിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കുകയാണ് ലൈലതുൽ ഖദ്‌റ് അവ്യക്തമാക്കി വെക്കുന്നതിലൂടെ അല്ലാഹു ചെയ്തിട്ടുള്ളത്.

അതേസമയം, സാധ്യതകൾ പറയപ്പെട്ട ദിവസങ്ങളിലെല്ലാം കാരുണ്യവാനായ അല്ലാഹുവിന്റെ വർധിച്ച പ്രീതിയും പ്രതിഫലവും ലഭിക്കാനായി ധാരാളം സത്കർമങ്ങൾ ചെയ്യുന്നത് വഴി അവനിലേക്ക് അടുക്കുകയും ചെയ്യാം.

ഇനിയുള്ള രാവുകളിൽ പ്രത്യേകമായി ലൈലതുൽ ഖദ്‌റിനെ പ്രതീക്ഷിക്കുക. ഖുർആൻ പാരായണവും രാത്രി നിസ്‌കാരങ്ങളുമായി ഉറക്കമളിച്ചിരിക്കുക. ഇടതടവില്ലാതെ ദൈവിക സ്മരണകൾ ഉരുവിട്ടുകൊണ്ടിരിക്കുക. പള്ളിയുമായുള്ള സഹവാസം വർധിപ്പിക്കുകയും രാത്രിസമയങ്ങളിൽ അവിടെ കഴിച്ചുകൂട്ടുകയും ചെയ്യുക. കണ്ണുകളെയും കാതുകളെയും അനാവശ്യങ്ങളിൽ നിന്ന് അകറ്റിനിർത്തി നന്മയിലേക്ക് തിരിക്കുക. വിട്ടുവീഴ്ചാ മനസ്‌കനായ അല്ലാഹുവിനോട് വിട്ടുവീഴ്ച നൽകാനാവശ്യപ്പെട്ടുകൊണ്ടിരിക്കുക. നരകമോചനത്തിനായി മാറ്റിവെച്ച ദിവസങ്ങളായതുകൊണ്ടുതന്നെ നരകമുക്തി അഭ്യർഥിച്ചു കൊണ്ട് നാഥനിലേക്ക് കൈകളുയർത്തുക…

ഒരിക്കൽ ആഇശ ബീവി നബി(സ)യോട് ചോദിച്ചു: ഒരു രാത്രി ലൈലതുൽ ഖദ്‌റാണെന്ന് തോന്നുന്നപക്ഷം എന്താണ് ഞാൻ ചൊല്ലേണ്ടത്. അവിടുന്ന് പറഞ്ഞു: “അല്ലാഹുമ്മ ഇന്നക അഫുവ്വുൻ തുഹിബ്ബുൽ അഫ്്വ ഫഅ്ഫു അന്നീ’ (അല്ലാഹുവേ, നീ മാപ്പ് നൽകുന്നവനാണ്. അത് ഇഷ്ടം വെക്കുന്നവനുമാണ്. എന്നോട് നീ മാപ്പാക്കേണമേ) എന്ന് പറയുക.

Latest