Business
ഇനി തെലങ്കാനയിലും; തെക്കേ ഇന്ത്യയിലും പ്രവര്‍ത്തനം വിപുലമാക്കി ലുലു ഗ്രൂപ്പ്
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു യു എ ഇ കോണ്‍സല്‍ ജനറല്‍ ആരെഫ് അല്‍നുഐമി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ഹൈദരാബാദ് | ലോകോത്തര റീട്ടെയ്ല്‍ ഷോപ്പിങിന്റെ വാതില്‍ തുറന്ന് തെലങ്കാനയിലെ ആദ്യ ലുലു മാള്‍ ഹൈദരാബാദിലെ കുക്കട്ട്പള്ളിയില്‍ ജനങ്ങള്‍ക്കായി തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു യു എ ഇ കോണ്‍സല്‍ ജനറല്‍ ആരെഫ് അല്‍നുഐമി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാള്‍. ഷോപ്പിങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപിച്ചിട്ടുള്ളത്.
സ്വിറ്റസ്ര്‍ലന്‍ഡിലെ ദാവോസില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ വച്ച്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു നടത്തിയ കൂടിക്കാഴ്ചയില്‍ നിശ്ചയിച്ച നിക്ഷേപങ്ങളുടെ ഭാഗമായാണ് പുതിയ മാള്‍. ധാരണാപത്രത്തില്‍ ഒപ്പുവച്ച് മാസങ്ങള്‍ക്കകം പദ്ധതി യാഥാര്‍ത്ഥ്യമായി.
ഹൈദരാബാദിലെ ആദ്യ മാള്‍ പൂര്‍ത്തീകരിക്കാന്‍ മികച്ച പിന്തുണയാണ് തെലങ്കാന സര്‍ക്കാര്‍ നല്‍കിയതെന്നും കെ ടി രാമറാവുവിന്റെ നിശ്ചദാര്‍ഢ്യവും വ്യവസായ കാഴ്ചപ്പാടും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും എം എ യൂസഫലി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിരവധി പദ്ധതികള്‍ ലുലുവിന്റെ പട്ടികയിലുണ്ട്. പ്രാദേശിക ഉത്പന്നങ്ങളുടെ കൂടുതല്‍ പ്രചാരണത്തിനായി ഭക്ഷ്യസസംസ്‌കരണ കയറ്റുമതി കേന്ദ്രവും സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രവുമാണ് അടുത്ത പദ്ധതി. 3500 കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത മൂന്ന വര്‍ഷത്തില്‍ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളും, ഹൈപ്പര്‍മാര്‍ക്കറ്റുകളും ഇതിന്റെ ഭാഗമായി തുറക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പിന് തെലങ്കാനയില്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും കൂടുതല്‍ വ്യവസായ സാധ്യകള്‍ക്കുള്ള അവസരം തുറന്നിടുമെന്നും വ്യവസായ മന്ത്രി കെ ടി രാമറാവു വ്യക്തമാക്കി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ കാഴ്ചപ്പാടും നിക്ഷേപസൗഹൃദ സമീപനത്തിനും തെലങ്കാന ഏറെ നന്ദി അറിയിക്കുന്നുവെന്നും കെ ടി ആര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടായിരത്തിലധികം പേര്‍ക്കാണ് പുതിയ തൊഴിലവസരം ഒരുങ്ങുയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗെംയിം സെന്ററായ ലുലു ഫണ്‍ടൂറ, ഇലക്ട്രോണിക്‌സ് ഹോം ഉത്പന്നങ്ങളുടെ ശേഖരവുമായി ലുലുകണക്ട്, ബ്രാന്‍ഡഡ് ഫാഷന്‍ ശേഖരവുമായി ലുലു ഫാഷന്‍ സ്റ്റോര്‍, എഴുപത്തിയഞ്ചിലധികം അന്താരാഷ്ട്ര ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍, 1400 പേരുടെ സീറ്റിങ് സജ്ജീകരണമുള്ള അഞ്ച് തിയേറ്റര്‍ സ്‌ക്രീനുകള്‍, വൈവിധ്യമായ ഭക്ഷണവിഭവങ്ങളുമായി ഫുഡ് കോര്‍ട്ട് എന്നിവ മാളിലെ മറ്റ് ആകര്‍ഷണങ്ങളാണ്.
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി , ലുലു ഗ്രൂപ്പ് ഡയറക്ടര്‍മാരായ എം എ സലിം, മുഹമ്മദ് അല്‍ത്താഫ്, ലുലു ഇന്ത്യ ആന്‍ഡ് ഒമാന്‍ ഡയറക്ടര്‍ എ വി ആനന്ദ്, ലുലു ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ. എം എ നിഷാദ്, ലുലു ഇന്ത്യ ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സി ഒ ഒ. രജിത്ത് രാധാകൃഷ്ണന്‍, ലുലു ഇന്ത്യ ഷോപ്പിങ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ്‌സ്, ലുലു തെലങ്കാന ഡയറക്ടര്‍ അബ്ദുല്‍ സലീം, ലുലുതെലങ്കാന റീജ്യണല്‍ മാനേജര്‍ അബ്ദുല്‍ ഖദീര്‍ ഷെയ്ഖ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ ഭാഗമായി.