Kerala
തിരച്ചിലിന് റോബോര്‍ട്ടും; ജോയിയെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിട്ടു
ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിന് എത്തും
തിരുവനന്തപുരം |ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ രക്ഷാദൗത്യത്തിന് റോബോട്ടിക്ക് സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി. തിരച്ചില്‍ മണിക്കൂറുകള്‍ പിന്നിട്ട സാഹചര്യത്തിലാണ് റോബോട്ടിക്ക് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ടെക്നോപാര്‍ക്കില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി.റോബോട്ടിക് സംവിധാനം വഴി ടണലിനുള്ളിലെ മാലിന്യം നീക്കാന്‍ ആരംഭിച്ചു. രണ്ട് ജന്‍ റോബോട്ടുകള്‍ ഉപയോഗിച്ച് ടണലിന്റെ ഇരു വശങ്ങളില്‍ നിന്നും മാലിന്യം നീക്കാന്‍ തുടങ്ങി. കരയില്‍ റോബോട്ടിന്റെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവുമുണ്ട്.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തിരുവനന്തപുരം കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരന്‍ മാരായിമുട്ടം സ്വദേശി ജോയ് (42)യെയാണ് കാണാതായത്. റെയില്‍വേയുടെ നിര്‍ദേശാനുസരണമാണ് തോട് വൃത്തിയാക്കല്‍ നടന്നത്. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യുന്ന ഭാഗമാണിത്.
കോര്‍പറേഷന്റെ താത്കാലിക തൊഴിലാളിയാണ് കാണാതായ ജോയ്. അമരവിള സ്വദേശിയായ സൂപ്പര്‍വൈസര്‍ കുമാറിന്റെ കീഴില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുകയായിരുന്നു ജോയി ഉള്‍പ്പെടുന്ന സംഘം. ജോയി ഉള്‍പ്പെടെ നാല് പേരാണ് ശുചീകരണത്തിന് ഉണ്ടായിരുന്നത്. അതിഥിതൊഴിലാളികളായ തപന്‍ദാസ്, ബിശ്വജിത്ത് എന്നിവരാണ് മറ്റുള്ളവര്‍.