Kerala
അർജുൻ, താങ്കൾ എവിടെ? തിരച്ചിൽ ഒൻപതാം ദിവസവും തുടരുന്നു; സോണാർ സിഗ്നലിൽ പ്രതീക്ഷ അർപ്പിച്ച് സൈന്യം
പുഴക്കടിയിൽ വലിയ ഒരു വസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സൂചനയാണ് സോണാർ സിഗ്നൽ നൽകുന്നത്.
ഷിരൂർ | കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസമായ ഇന്നും തുടരും. ഗംഗാവാലി പുഴ കേന്ദ്രീകരിച്ച് നാവികസേനയുടെ നേതൃത്വത്തിലാണ് ഇപ്പോൾ തിരച്ചിൽ തുടരുന്നത്. ഇന്നലെ പുഴയുടെ അടിത്തട്ടിൽ നിന്ന് ലഭിച്ച സോണാർ സിഗ്നൽ രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാർ.
പുഴക്കടിയിൽ വലിയ ഒരു വസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സൂചനയാണ് സോണാർ സിഗ്നൽ നൽകുന്നത്. റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്തു നിന്ന് തന്നെയാണ് സോണാര്‍ സിഗ്‌നലും ലഭിച്ചിരിക്കുന്നത്. ഇത് അര്‍ജുന്റെ ലോറിയോ അല്ലെങ്കില്‍ തകര്‍ന്നുവീണ ടവറോ ആകാമെന്നാണ് വിലയിരുത്തല്‍. അതിനാൽ ഈ സിഗ്നൽ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ച് തന്നെയാകും ഇന്നത്തെ പരിശോധന. കൂടുതൽ ഉപകരണങ്ങളും റഡാർ സംവിധാനങ്ങളും സൈന്യം ഉപയോഗിക്കും. അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിക്കാനാണ് തീരുമാനം. ആര്‍മിയിലെ മേജര്‍ ജനറലായിരുന്ന എം ഇന്ദ്രബാലിന്റെ സഹായം ദൗത്യസേന തേടിയിട്ടുണ്ട്. അദ്ദേഹം ഇന്ന് ഷിരൂരിലെത്തും.
അതേസമയം, പ്രദേശത്ത് ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ തിരച്ചിലിന് തടസ്സമാകുന്നുണ്ട്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്നലെയും തിരച്ചില്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു.
ഈ മാസം 16ന് രാവിലെ 8.30ന് ആണ് ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് അർജുനും ലോറിയും അതിൽ അകപ്പെട്ടത്. റോഡിലേക്കും ഇതിനോട് ചേർന്ന് നിൽക്കുന്ന പുഴയിലേക്കുമായാണ് വൻതോതിൽ മണ്ണിടിഞ്ഞുവീണത്. സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഊർജിത തിരച്ചിൽ ആരംഭിച്ചത്. കരയിൽ അടിഞ്ഞുകൂടിയ മണ്ണ് ഏറെക്കുറെ പൂർണമായും മാറ്റിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടർന്നാണ് പരിശോധന പുഴയിലേക്ക് മാറ്റിയത്.
പുഴിയിൽ മീറ്ററുകളോളം ഉയരത്തിൽ മണ്ണിടിഞ്ഞ് വീണതിനാൽ തിരച്ചിൽ ഏറെ ശ്രമകരമാണ്.