Cover Story
...അത്ക്കി പിറാത്തെ തൊടുക്കി ആനാത്
കാടിന്റെ സ്വച്ഛന്ദ ജീവിതത്തിൽ നിന്ന് അവർ കൂടെ ചേർത്തുപിടിച്ചു തലമുറകൾക്കു കൈമാറിയ അനുകമ്പയും തെളിമയും കുറുംബരിൽ ഇന്നും കുടികൊള്ളുന്നു. ലോകം കമ്പോളമായി ചുരുങ്ങുകയും ആഗോളീകരണമെന്ന പകിട്ടു ചാർത്തുകയും ചെയ്തപ്പോൾ സമസ്ത ജീവിതവും ചാഞ്ചാടി നിൽക്കുന്ന കാലത്ത് ആശങ്കയോടെ നിൽക്കുകയാണവർ. മുഖ്യധാരയിലേക്കെന്ന ആരവത്തോടെ സമൂഹം അവരെ വരവേൽക്കുമ്പോൾ കൈവിട്ടുപോകുന്ന പ്രകൃതിയിലേക്കവർ ഉറ്റുനോക്കുന്നു.
തൊടുക്കി ഊരിലെ പണലി മൂപ്പന്റെ ഉള്ളിൽ കാടും ആദിവാസി ജീവിതവും ഇന്നും തെളിഞ്ഞു നിൽക്കുന്നുണ്ട്. ജീവിതം അടിമുടി മാറിയെങ്കിലും ഓർമകളിൽ വന നീലിമയോട് ഒട്ടിനിന്നു ജീവിച്ച പഴയ കാലത്തിന്റെ തെളിനീരൊഴുകുന്നുണ്ട്. മണ്ണും പ്രകൃതിയും കാടും വന്യജീവികളും മനുഷ്യനും ഇഴചേർന്നു ജീവിച്ച ആദിമ ജീവിതത്തിന്റെ കണ്ണിപൊട്ടാത്ത ഓർമകൾ…
പണലി മൂപ്പൻ കുടുംബ ചരിത്രം പറയുമ്പോൾ കണ്ണിപൊട്ടാത്ത ഓർമകൾ അവരുടെ പരമ്പരാഗതമായ ഭാഷയിൽ കിനിഞ്ഞിറങ്ങും. ആ വാക്കുകളിൽ കരുതിവെച്ചിരിക്കുന്നതു ചരിത്രവും വന ജീവിതത്തിന്റെ നേർ ചിത്രവുമാണ്.
“മേലെ തുടുക്കി ഊര് (തൊടുക്കി) എന്റ്‌തെ മൈസൂരിലിരുന്ന് ബന്ത് പൂശെ കുന്നൂര് എൻജിനാത്, അത്ക്കി പിറാത്തെ തൊടുക്കി ആനാത്. തൊടുക്കി ഊരില് നാക് കുലം അതില് ഒന്റ് കുന്നത്തനാല്, ഏകച്ഛന്, മൂല്യ നാള്, വാന്യ നാള് ഇത്തെ നാക് വകെ സീമെ ആനാത് (തൊടുക്കി) ഇന്റ്‌ല തൊടുക്കി ആനാത് ഇന്നിം ഇറ്ക്ക്ന്റ് സൊല്യ.’ (ഞങ്ങളുടെ കൂടുംബം ആറോ ഏഴോ തലമുറ മുമ്പ് പൂശെ കുന്നൂർ, മൈസുരുവിൽ നിന്നും പട പേടിച്ച് വന്നതാണ്. ഊര് ഭരണ സംവിധാനത്തിലെ നാല് പ്രധാന വ്യക്തികളെ കുന്നത്തനാൽ (മൂപ്പൻ), ഏകച്ഛൻ, മൂല്യനാല്, വാന്യനാല് എന്നീ നാല് പേരുകളിൽ വിളിക്കപ്പെടുന്നു).
പണലി മൂപ്പൻ പറയുന്ന കുടുംബ ചരിത്രത്തിൽ പൂർവകാലത്തിന്റെ കരുത്തും കാന്തിയും തെളിഞ്ഞു നിൽക്കുന്നുണ്ട്. അട്ടപ്പാടിയുടെ മാനവ ചരിത്രം വിരചിച്ചത് കുറുംബരാണെന്ന നരവംശശാസ്ത്ര നിഗമനങ്ങളെ ഊട്ടിയുറപ്പിക്കുകയാണ് തലമുറകളായി പകർന്നു കിട്ടിയ ഓർമകളിൽ നിന്നുള്ള വാക്കുകൾ. മഹാശിലായുഗ കാലത്തുനിന്നു പുറപ്പെട്ട ആദിമജീവിതത്തിന്റെ പാരമ്പര്യം ഇന്നും കണ്ണിപൊട്ടാതെ കുറുംബ ജീവിതം കൂടെ കൊണ്ടുനടക്കുന്നുണ്ട്. മരണാനന്തര ചടങ്ങുകളിലൊക്കെ ഇന്നും പാരമ്പര്യത്തിന്റെ അടരുകൾ ഒന്നൊന്നായി പ്രത്യക്ഷമാകുന്നുണ്ട്.
കൗതുകം നിറഞ്ഞ മിത്തുകൾ
കുറുംബരെ കുറിച്ച് രസകരമായ മിത്തുകളുണ്ട്. പല്ലവരുടെ പ്രതിനിധികളെന്നാണ് കുറുംബരെ പൊതുവിൽ അറിയപ്പെടുന്നതത്രേ. പല്ലവ പ്രതിനിധികളെ കുറുംബ വംശത്തിന്റെ ആധുനിക പ്രതിനിധികളെന്നും വിളിക്കുമത്രേ. ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ പ്രബലരായ വിഭാഗമായിരുന്നു കുറുംബർ. എഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പല്ലവ രാജവംശം ക്ഷയിക്കുകയും മറ്റ് രാജവംശങ്ങൾ ശക്തിപ്രാപിക്കുകയും ചെയ്തു. ചോള രാജാവായിരുന്ന അഡോണ്ടിയാൽ പല്ലവ രാജവംശത്തെ സ്ഥാനഭ്രംശരാക്കിയപ്പോൾ കുറുംബർവിവിധ സ്ഥലങ്ങളിലേക്ക് (കൂർഗ്, മൈസൂരു, നീലഗിരി, വയനാട്, അട്ടപ്പാടി) കൂട്ടത്തോടെ പലായനം ചെയ്തുവത്രേ.
അട്ടപ്പാടിയിലെ കുറുംബരുടെ ചരിത്രം സമഗ്രമായും ശാസ്ത്രീയമായും രേഖപ്പെടുത്തിയിട്ടില്ല. അട്ടപ്പാടിയിലെ മുരുഗള ഗുഹാചിത്രങ്ങൾ നിൽക്കുന്നിടത്ത് ഇപ്പോൾ താമസിക്കുന്നത് കുറുംബരാണ്. നീലഗിരിയിൽ വെള്ളരി കൊമ്പൈ ഗുഹാചിത്രങ്ങൾ കാണുന്നിടത്ത് താമസിക്കുന്നതും കുറുംബരാണ്. ഇത് കേവലം യാദൃച്ഛികമായി സംഭവിച്ചതാണോ? ഗുഹാചിത്രങ്ങളും കുറുംബരും തമ്മിൽ ചരിത്രപരമായ ബന്ധമുണ്ടായിരുന്നോ? സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ മുരുഗള ഗുഹാചിത്രങ്ങളും കുറുംബരും തമ്മിൽ ബന്ധമുണ്ടെന്ന് കാണാം. അങ്ങനെയെങ്കിൽ കുറുംബർ അട്ടപ്പാടിയിലെത്തിയിട്ട് ചുരുങ്ങിയത് മൂവായിരത്തിലധികം വർഷങ്ങളായിട്ടുണ്ടാകാം. ഇരുമ്പ് യുഗകാലത്തും അട്ടപ്പാടിയിൽ കുറുംബർ താമസിച്ചിരുന്നുവെന്നാണ് നരവംശശാസ്ത്ര പഠനങ്ങളിൽ കാണുന്നത്.
മാൻഡൽബോം (1941) കുറുംബരെ “ഭക്ഷണം ശേഖരിക്കുന്നവർ’എന്നാണ് വിളിക്കുന്നത്. പാലുകുറുംബരും, അലുകുറുംബരും ദുർമന്ത്രവാദം ചെയ്യുന്ന നീലഗിരിയിലെ തൊഡര് (തൊഡാസ്), ബഡഗര് (ബഡഗാസ്), കൊഡര് (കോഡസ്) എന്നീ ആദിവാസി ഗോത്രവിഭാഗങ്ങളെ ഭയപ്പെട്ടിരുന്നതായി കാപ്പിന്റെ (1978 പേജ് 512) പഠനത്തിൽ പറയുന്നുണ്ട്. ഇത് കാണിക്കുന്നത് കുറുംബർ സാമൂഹികമായ അരക്ഷിതാവസ്ഥ നേരിട്ടിരുന്നുവെന്നാണ്.
അലുകുറുംബ, പാലുകുറുംബ, ജേനു അഥവാ തേൻകുറുംബ (ഷോല നായകൻ), ഊരാളി അഥവാ ബേട്ടകുറുംബ, മുള്ളുകുറുംബ തുടങ്ങിയ പേരുകളിലും കുറുംബരുണ്ട്.
വേറിട്ട കൃഷിരീതികൾ
കുറുംബർ മാറ്റ കൃഷി രീതിയുള്ളവരായിരുന്നു. ഒരു സ്ഥലത്ത് മൂന്നോ നാലോ വർഷങ്ങൾമാത്രമായിരിക്കും കൃഷി ചെയ്യുക. പിന്നെ മറ്റൊരിടത്ത് കൃഷി ചെയ്യും. ഇതാണ് കുറുംബരുടെ കൃഷി രീതി. കാട് വെട്ടിത്തെളിച്ച് പുതിയ കൃഷിയിറക്കുമ്പോൾ അതിനെ കരികാട് കൃഷിയെന്നും ഒരിക്കൽ കൃഷിയിറക്കിയ സ്ഥലത്ത് പിന്നീട് വീണ്ടും കൃഷിയിറക്കുന്നതിനെ പക്കകാട് കൃഷിയെന്നും പറയും. അട്ടപ്പാടിയിലെ ആദിവാസികളുടെ കൃഷിരീതികൾക്ക് പല പേരുകളുണ്ട്. മാറ്റ കൃഷി, പുനം കൃഷി, കൂന്താലി കൃഷി, കുമ്രി കൃഷി, കരികാട് കൃഷി, കാത്തുകാട്, പഞ്ചക്കാട്, പക്കക്കാട് കൃഷി തുടങ്ങിയവ.
അധികാരങ്ങളുടെ ഊര് കൂട്ടം
കുറുംബർക്ക് ഊര് കൂട്ടമുണ്ട്. മൂപ്പനാണ് ഇതിന്റെ പരമാധികാരി. മൂപ്പനെ സഹായിക്കാനായി മണ്ണൂക്കാരനുണ്ട്. വണ്ടാരി (ഖജനാവ് സൂക്ഷിപ്പുക്കാരന്), കരുതലൈ (മൂപ്പന്റെ അടുത്ത സഹായി, സന്ദേശവാഹകൻ) തുടങ്ങിയവരുണ്ട്. ഊര് കൂട്ടത്തിലെ സ്ഥാനമാനങ്ങളെല്ലാം പാരമ്പര്യമായി കിട്ടുന്നതാണ്. കുറുംബരുടെ പൊതുവായ സാമൂഹികസാമ്പത്തിക കാര്യങ്ങളിലെ അവസാന തീരുമാനം ഊര് മൂപ്പന്റെതായിരിക്കും. കാലപ്രവാഹത്തിൽ ഇതിനെല്ലാം മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. ഇന്ന് കുറുംബരുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക ജീവിതക്രമങ്ങളെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് കാണുന്നതുപോലെ പുതൂരിൽ മാത്രമല്ല, ഒരുകാലത്ത് അട്ടപ്പാടിയിലെ പല ഭാഗങ്ങളിലും കുറുംബർ താമസിച്ചിരുന്നതായി സൂചനയുണ്ട്. അഗളിയിലെ ഒരു ഗുഹയുടെ പേര് കുറുംബക്കോണ ഗുഹയെന്നാണ്. കുറുമ്പർ ഉൾക്കാടുകളിലേക്ക് സ്വമേധയ പോയതാണോ അവരെ ആട്ടിപ്പായിപ്പിച്ചതാണോ എന്ന കാര്യത്തിൽ വ്യത്യസ്തങ്ങളായ വാമൊഴികളുണ്ട്.
പണ്ട് കാലങ്ങളിൽ കുറുംബർ അളകളിൽ (ഗുഹകളിൽ) താമസിച്ചിരുന്നവരായിരുന്നു. തൊടുക്കി ഊരിലെ പണലി മൂപ്പന്റെ മുതുമുത്തച്ഛന്മാർ വരുന്ന സമയത്ത് കുറുംബർനാമമാത്രമായ വസ്ത്രം ധരിച്ച് ഗുഹകളിൽ കഴിഞ്ഞിരുന്നത് കണ്ടിരുന്നുവത്രേ. അനേകം നൂറ്റാണ്ടുകൾക്ക് മുന്പ് മുരുഗള ഗുഹയിൽ താമസിച്ച കുറുംബർ തന്നെയാകാം അവിടുത്തെ ഗുഹാചിത്രവും വരച്ചത്. ഈ ഗുഹാചിത്രമാണ് കുറുംബരുടെ ഏറ്റവും പ്രാചീനമായ ചരിത്രം രേഖപ്പെടുത്തുന്ന ഒരേയൊരു ശേഷിപ്പ്. വളരെ രസകരമായ കാര്യമെെന്തന്നാൽ മുരുഗള ഗുഹയിൽ കുറുംബർ ചില ദിവസങ്ങളിൽ ഇപ്പോഴും താമസിക്കാറുണ്ട്.
സ്‌കൂളുകളിൽ നിന്നും, കോളജുകളിൽനിന്നുമുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവ ഇന്നും നീറുന്ന വേദനകളാണ്. കുറുംബരുടെ ഊര് കൂട്ടം വഴി അവരുടെ അഭിപ്രായത്തിനും ആവശ്യത്തിനും അനുസരിച്ചുള്ള പദ്ധതികൾ രൂപവത്കരിക്കുകയും ഊര് കൂട്ടത്തിന് അതെല്ലാം നടപ്പിൽ വരുത്താനുള്ള അധികാരം കൊടുക്കുകയും ചെയ്താൽ കുറേകൂടി സന്തോഷത്തോടെ, ഐക്യത്തോടെ വികസനത്തിലേക്ക് കുറുംബർക്ക് കടന്നു ചെല്ലാൻ സാധിക്കും.
കാടിന്റെ സ്വച്ഛന്ദ ജീവിതത്തിൽ നിന്ന് അവർ കൂടെ ചേർത്തുപിടിച്ചു തലമുറകൾക്കു കൈമാറിയ അനുകമ്പയും തെളിമയും കുറുംബരിൽ ഇന്നും കുടികൊള്ളുന്നു. ലോകം കമ്പോളമായി ചുരുങ്ങുകയും ആഗോളീകരണമെന്ന പകിട്ടു ചാർത്തുകയും ചെയ്തപ്പോൾ സമസ്ത ജീവിതവും ചാഞ്ചാടി നിൽക്കുന്ന കാലത്ത് ആശങ്കയോടെ നിൽക്കുകയാണവർ. മുഖ്യധാരയിലേക്കെന്ന ആരവത്തോടെ സമൂഹം അവരെ വരവേൽക്കുമ്പോൾ കൈവിട്ടുപോകുന്ന പ്രകൃതിയിലേക്കവർ ഉറ്റുനോക്കുന്നു.
.