Editors Pick
വീണ്ടും മലക്കം മറിച്ചില്‍; തറാവീഹ് 20 റക്അത്തെന്ന് മുജാഹിദ് പ്രസിദ്ധീകരണം
തറാവീഹ് എട്ട് റക്അത്താണെന്ന് പ്രചരിപ്പിക്കുകയും വര്‍ഷങ്ങളോളം ഇതിന് വേണ്ടി 'തെളിവുകള്‍' ഹാജരാക്കുകയും ചെയ്ത ശേഷമാണ് മുജാഹിദ് വിഭാഗം ഇപ്പോള്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.
കോഴിക്കോട് | ആശയ വൈകല്യങ്ങളില്‍ മലക്കം മറിഞ്ഞ് വീണ്ടും മുജാഹിദ് വിഭാഗം. തറാവീഹ് (റമസാനിലെ പ്രത്യേക നിസ്‌കാരം) ഇരുപത് റക്അത്തെന്ന് ഈ മാസം പുറത്തിറങ്ങിയ മുജാഹിദ് പ്രസിദ്ധീകരണമായ അല്‍ ഇസ്‌ലാഹ് മാസിക തെളിവുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കി. തറാവീഹ് എട്ട് റക്അത്താണെന്ന് പ്രചരിപ്പിക്കുകയും വര്‍ഷങ്ങളോളം ഇതിന് വേണ്ടി ‘തെളിവുകള്‍’ ഹാജരാക്കുകയും ചെയ്ത ശേഷമാണ് മുജാഹിദ് വിഭാഗം ഇപ്പോള്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.
അല്‍ ഇസ്‌ലാഹ് മാസികയിലെ സലഫുകളുടെ റമസാന്‍ എന്ന അധ്യായത്തില്‍ അനസ് നദീരി എഴുതിയ വിവര്‍ത്തന ലേഖനത്തിലാണ് വിശദീകരണം. റമസാനില്‍ 20 റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്‌റും നിസ്‌കരിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന പ്രമുഖ സ്വഹാബി വര്യനായ ഇബ്‌നു അബ്ബാസ് (റ)യുടെ ശിഷ്യനായ അത്വാഅ് (റ.അ)യുടെ ഉദ്ധരണി ലേഖനത്തില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം ഖലീഫ ഉമര്‍(റ)യുടെ കാലത്ത് ഇരുപത് റക്അത്താണ് തറാവീഹ് നിസ്‌കരിച്ചിരുന്നതെന്ന് സാഇബ്ബ്‌നു യസീദ് (റ)യുടെ ഉദ്ധരണിയും ലേഖനത്തിലുണ്ട്.
ജിന്ന്, മന്ത്രം, സിഹ്‌റ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ അബദ്ധം ഏറ്റു പറഞ്ഞ് വിവിധ മുജാഹിദ് വിഭാഗങ്ങള്‍ പലപ്പോഴായി രംഗത്ത് വന്നിട്ടുണ്ട്.