Connect with us

Articles

ആന്ധ്ര ജാതി സര്‍വേക്കിറങ്ങുമ്പോള്‍

സംവരണം നടപ്പാക്കുന്നതിന് ആദ്യമായി വേണ്ടത് ജാതി സര്‍വേ തന്നെയാണ്. ജാതി സര്‍വേക്ക് പുറം തിരിഞ്ഞുനില്‍ക്കുന്നവരെല്ലാം പിന്നാക്ക സാമുദായിക സംവരണം വേണ്ടെന്ന് കരുതുന്നവര്‍ തന്നെയാണ്. ബിഹാറിലെ ജാതി സെന്‍സസും ഇപ്പോള്‍ ആന്ധ്രയിലാരംഭിച്ചിട്ടുള്ള ജാതി സര്‍വേയുമെല്ലാം രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളില്‍ രാഷ്ട്രീയമായ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറച്ച് വിശ്വസിക്കാം.

Published

|

Last Updated

ജാതി സെന്‍സസ് നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുന്നവരാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിയിലെ ബഹു ഭൂരിപക്ഷം കക്ഷികളും. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്ന് ഈ കക്ഷികളെല്ലാം ഇതിനകം പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ ജാതി സര്‍വേ പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ ജാതി സര്‍വേ റിപോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് സംസ്ഥാന ഘടകത്തില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ബിഹാര്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ് ഇതിനകം ജാതി സെന്‍സസ് പ്രഖ്യാപിക്കുകയും അത് പൂര്‍ത്തിയാക്കുകയും സെന്‍സസ് റിപോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ആന്ധ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ഐതിഹാസികമായ ഒരു സംഭവമായി ആന്ധ്രയിലെ ഈ ജാതി സര്‍വേ മാറാന്‍ പോകുകയാണ്. ‘ഇന്ത്യ’ മുന്നണിയിലെ ഘടക കക്ഷിയല്ലാത്തതും, ഭരണകക്ഷിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പാര്‍ട്ടിയുമാണ് ആന്ധ്രയില്‍ ജാതി സര്‍വേ ആരംഭിച്ചിരിക്കുന്നതെന്ന കാര്യം എന്തുകൊണ്ടും എടുത്ത് പറയേണ്ടതാണ്.

സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നണിയിലുള്ള ജനവിഭാഗങ്ങള്‍ക്ക് സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഭരണഘടനാ നിര്‍മാണ സഭയിലെ പലരും എതിരായിരുന്നു. സംവരണത്തോടുള്ള എതിര്‍പ്പ് അനുസ്യൂതമായി ഇപ്പോഴും തുടരുന്നുണ്ട്. രാജ്യത്തെ പരമോന്നത കോടതിയിലെ ചില ജഡ്ജിമാര്‍ പോലും പിന്നാക്ക സംവരണത്തിനെതിരായ നിരീക്ഷണം നടത്തിയത് ഞെട്ടലുണ്ടാക്കിയിരുന്നു.

ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ചില സമുദായങ്ങള്‍ക്കും പ്രത്യേക സംരക്ഷണങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ളതിനെ ചൊല്ലി ചിലര്‍ ഭരണഘടനയെ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഈ വകുപ്പുകളില്‍ അടങ്ങിയിരിക്കുന്ന വിവേകത്തെ പ്രശംസിച്ചു കൊണ്ട് ഡോ. അംബേദ്കര്‍ ഇങ്ങനെ പ്രസ്്താവിക്കുകയുണ്ടായി, ‘എന്നെ സബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും ഇങ്ങനെ ചില സംരക്ഷണങ്ങള്‍ ഭരണഘടനാ നിര്‍മാണ സഭ വ്യവസ്ഥ ചെയ്തിട്ടുള്ളത് തികച്ചും ബുദ്ധിപൂര്‍വമാണെന്ന കാര്യത്തില്‍ അശേഷം സംശയമില്ല. ന്യൂനപക്ഷ – പിന്നാക്ക വിഭാഗങ്ങള്‍ സ്ഫോടക ശക്തിയുള്ളവരാണ്. അതിന്റെ പൊട്ടിത്തെറിക്കലില്‍ രാഷ്ട്രത്തിന്റെ ഊടും പാവും തകര്‍ന്ന് പോയേക്കാം. യൂറോപ്പിന്റെ ചരിത്രം ഇതിന് വേണ്ടത്ര തെളിവ് നല്‍കുന്നു.’
ബിഹാറിന് പിന്നാലെ ആന്ധ്രാപ്രദേശിലും സമഗ്ര ജാതി സെന്‍സസിന് തുടക്കം കുറിച്ചിരിക്കുന്നു. ഡോ. ബി ആര്‍ അംബേദ്കറുടെ ഏറ്റവും ഉയരമുള്ള പ്രതിമ അനാഛാദനം ചെയ്ത ദിവസമാണ് ആന്ധ്ര സര്‍ക്കാര്‍ ജാതി സെന്‍സസ് നടപടികളും ആരംഭിച്ചത്. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കാനിരിക്കുന്ന ആന്ധ്രയില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്റെ നിര്‍ണായക രാഷ്ട്രീയ നീക്കമാണിത്. 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന നിലയിലാണ് സെന്‍സസ് ആരംഭിച്ചതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ മന്ത്രി സി ശ്രീനിവാസ വേണുഗോപാല അറിയിച്ചു. ആദ്യഘട്ടം 10 ദിവസമായിരിക്കുമെങ്കിലും ആവശ്യമെങ്കില്‍ നാലോ അഞ്ചോ ദിവസം കൂടി കൂട്ടുമെന്നും അദ്ദേഹം പറയുന്നു. തദ്ദേശ ഭരണ സംവിധാനം പൂര്‍ണമായും ഉപയോഗിച്ചാകും വിവര ശേഖരണം നടത്തുക. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കും. ഇവര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് ജാതി വിവരങ്ങള്‍ ശേഖരിച്ച ശേഷം വില്ലേജ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കും.

സംസ്ഥാനത്ത് ഉടനീളമുള്ള വില്ലേജ് ഉദ്യോഗസ്ഥര്‍ ഈ വളണ്ടിയര്‍മാര്‍ ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത പരിശോധിച്ച് അന്തിമരേഖ തയ്യാറാക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഴുവന്‍ സെന്‍സസ് നടപടികളും പൂര്‍ത്തിയാക്കാനാണ് പദ്ധതി. വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമാണ് ജാതി സെന്‍സസ്. ഇത് നടപ്പാക്കുന്നതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനാകും. നിരവധി പിന്നാക്ക വിഭാഗക്കാര്‍ക്ക് നിലവില്‍ സര്‍ക്കാര്‍ വിവിധ ക്ഷേമപദ്ധതികള്‍ നല്‍കിവരുന്നുണ്ട്. ജാതി സെന്‍സസ് നടപ്പാക്കിയാല്‍ അവര്‍ക്ക് അത് കൂടുതല്‍ ഉപകാരപ്രദമാകുമെന്നും കരുതപ്പെടുന്നു. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് ശേഷം ജാതി സെന്‍സസ് നടപ്പാക്കിയിട്ടില്ല. ബ്രിട്ടീഷ് ഭരണ കാലത്താണ് ഏറ്റവും ഒടുവില്‍ ജാതി സര്‍വേ നടന്നിരിക്കുന്നത്.

ബിഹാറിന് ശേഷം ജാതി സെന്‍സസ് നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. കഴിഞ്ഞ ഏപ്രിലില്‍ ജാതി – ജനസംഖ്യാ സെന്‍സസുകള്‍ ഒരുമിച്ച് നടപ്പാക്കുമെന്ന് ആന്ധ്ര നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം പാസ്സാക്കിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാറിന് ജഗന്‍മോഹന്‍ റെഡ്ഡി കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. കേന്ദ്രം ഉടനെയൊന്നും ജാതി സെന്‍സസ് നടപ്പാക്കില്ലെന്ന് ഉറപ്പായതോടെയാണ് ആന്ധ്ര സംസ്ഥാനം സ്വന്തം നിലക്ക് ജാതി സെന്‍സസ് നടപ്പാക്കാന്‍ തീരുമാനമെടുത്തത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഗ്രാമപ്രദേശങ്ങളില്‍ 3.56 കോടി ജനസംഖ്യയുള്ള 1.23 കോടി കുടുംബങ്ങളും, നഗര പ്രദേശങ്ങളില്‍ ഏകദേശം 1.3 കോടി ജനസംഖ്യയുള്ള 44.44 ലക്ഷം കുടുംബങ്ങളും അടങ്ങുന്നതാണ് ആന്ധ്രാപ്രദേശ്. അര്‍ഹരായ പിന്നാക്ക ജനവിഭാഗങ്ങളെ മുഴുവന്‍ പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ആന്ധ്ര മന്ത്രി സി ശ്രീനിവാസ വേണുഗോപാലകൃഷ്ണ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജാതി സെന്‍സസ് നടപ്പാക്കിയത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനം അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് സര്‍വേ റിപോര്‍ട്ടില്‍ പറയുന്നു. 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരുമാണെന്നാണ് ബിഹാര്‍ സെന്‍സസ് റിപോര്‍ട്ടില്‍ പറയുന്നത്. ആ സംസ്ഥാനത്തെ മഹാഭൂരിപക്ഷം പേരും പിന്നാക്ക ജനവിഭാഗങ്ങളാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുകയാണ്.

ആന്ധ്രയിലെ പിന്നാക്ക സര്‍വേ ദേശീയ രാഷ്ട്രീയ രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജാതി സെന്‍സസ് ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസ്സിന് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ കഴിയുന്നില്ല. തമിഴ്നാട്ടിലെ ഡി എം കെ അടക്കമുള്ള പ്രാദേശിക പാര്‍ട്ടികളും ജാതി സെന്‍സസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനു വേണ്ടിയുള്ള കാര്യമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. ഇടതുപക്ഷ പാര്‍ട്ടികളുടെ ഭരണത്തിന് കീഴിലുള്ള കേരളത്തിലും ജാതി സെന്‍സസ് നടപ്പാക്കുന്ന കാര്യത്തില്‍ ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. മഹാ ഭൂരിപക്ഷം വരുന്ന, സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നാക്കം നില്‍ക്കുന്ന ജനസമൂഹത്തിന്റെ വികാരങ്ങള്‍ മാനിക്കാന്‍ തയ്യാറാകാത്ത ഭരണാധികാരികള്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ലഭിക്കുമെന്നുള്ള യാഥാര്‍ഥ്യം പല പാര്‍ട്ടികളും ബോധപൂര്‍വം വിസ്മരിക്കുകയാണ്. ഈ പാര്‍ട്ടികള്‍ക്കെല്ലാം സമൂഹത്തിലെ ന്യൂനപക്ഷമായ മുന്നാക്ക വിഭാഗങ്ങളുടെ താത്പര്യമാണ് പ്രധാനം.

മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതിയുടെ ഇന്ദ്രാസാഹിനി കേസിലെ (1992) ഐതിഹാസികമായ വിധിയും നാളിതുവരെ പൂര്‍ണമായും നടപ്പാക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. പിന്നാക്ക ജനവിഭാഗങ്ങളുടെ എണ്ണവും വിവരങ്ങളും പോലും സര്‍ക്കാറിന്റെ കൈവശമില്ല. വസ്തുതാവിരുദ്ധമായ ജാതി കണക്കുകളുടെ അടിസ്ഥാനത്തിലാണ് സാമുദായിക സംവരണം ഇവിടെ നടപ്പാക്കി കൊണ്ടിരിക്കുന്നത്. പിന്നാക്ക സംവരണവും പട്ടികജാതി പട്ടികവര്‍ഗ സംവരണവും ഒന്നും ഫലപ്രദമായി നടപ്പാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. സംവരണം നടപ്പാക്കുന്നതിന് ആദ്യമായി വേണ്ടത് ജാതി സര്‍വേ തന്നെയാണ്. ജാതി സര്‍വേക്ക് പുറം തിരിഞ്ഞുനില്‍ക്കുന്നവരെല്ലാം പിന്നാക്ക സാമുദായിക സംവരണം വേണ്ടെന്ന് കരുതുന്നവര്‍ തന്നെയാണ്. ബിഹാറിലെ ജാതി സെന്‍സസും ഇപ്പോള്‍ ആന്ധ്രയിലാരംഭിച്ചിട്ടുള്ള ജാതി സര്‍വേയുമെല്ലാം രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളില്‍ രാഷ്ട്രീയമായ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറച്ച് വിശ്വസിക്കാം.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest