prathivaram health
വിളർച്ചക്ക് വിരാമമിടാം
വിളർച്ച തടയുക, കുട്ടികളുടെ വളർച്ച നിരീക്ഷിക്കുക, പോഷകാഹാരക്കുറവുകൾ ഇല്ലാതാക്കാൻ കുഞ്ഞുങ്ങൾക്ക് (ആറ് മാസം മുതൽ രണ്ട് വയസ്സ് വരെ) അനുപൂരക പോഷണങ്ങൾ നൽകുക, ഭക്ഷണത്തോടൊപ്പം പഠനത്തിനും പ്രാധാന്യം നൽകുക, സാങ്കേതികവിദ്യ ഉപയോഗിച്ച് ആരോഗ്യ രംഗത്തെ ഭരണനിർവഹണം മെച്ചപ്പെടുത്തുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയാണ് ഈ വർഷത്തിൽ പ്രാധാന്യം നൽകുന്ന വിഷയങ്ങൾ.
നാമെല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും പോഷകാഹാരം അത്യന്താപേക്ഷിതമാണ്. ഇത് രോഗങ്ങളെ അകറ്റിനിർത്തി ആരോഗ്യകരമായി ജീവിക്കാൻ ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് നൽകുന്നു. പോഷകാഹാരത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാനും അതുവഴി ശരിയായ പോഷണത്തിലൂടെ ആരോഗ്യമുള്ള ജനതയെ നിർമിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സെപ്തംബർ ഒന്ന് മുതൽ 30 വരെ ദേശീയ പോഷക മാസമായി ആചരിക്കുന്നത്. ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ രാജ്യത്തിന് ലോക പോഷണക്കുറവിലും ചെറുതല്ലാത്ത സ്ഥാനമുണ്ട്. അത് പരിഹരിക്കാനായുള്ള ശ്രമങ്ങളെ, ആത്മാർഥമായി തുണക്കേണ്ടത് നമ്മുടെ കടമയുമാണ്.
വിളർച്ച തടയുക, കുട്ടികളുടെ വളർച്ച നിരീക്ഷിക്കുക, പോഷകാഹാരക്കുറവുകൾ ഇല്ലാതാക്കാൻ കുഞ്ഞുങ്ങൾക്ക് (ആറ് മാസം മുതൽ രണ്ട് വയസ്സ് വരെ) അനുപൂരക പോഷണങ്ങൾ നൽകുക, ഭക്ഷണത്തോടൊപ്പം പഠനത്തിനും പ്രാധാന്യം നൽകുക, സാങ്കേതികവിദ്യ ഉപയോഗിച്ച് ആരോഗ്യ രംഗത്തെ ഭരണനിർവഹണം മെച്ചപ്പെടുത്തുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയാണ് ഈ വർഷത്തിൽ പ്രാധാന്യം നൽകുന്ന വിഷയങ്ങൾ.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളർച്ച അല്ലെങ്കിൽ അനീമിയ. കുട്ടികളിലും ഗർഭിണികളിലും ആണ് വിളർച്ച കൂടുതലായി കണ്ടുവരുന്നത്. ഒട്ടനവധി ബോധവത്കരണ പരിപാടികളും യജ്ഞങ്ങളും നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും വിളർച്ച നമ്മുടെ രാജ്യത്ത് കൂടുതലായി കാണുന്നു. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒന്ന് മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികളിൽ 40.6 ശതമാനം പേർക്കും അഞ്ച് മുതൽ ഒന്പത് വയസ്സ് വരെയുള്ള കുട്ടികളിൽ 23.5 ശതമാനം പേർക്കും 10 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികളിൽ 28.4 ശതമാനം പേർക്കും വിളർച്ചയുണ്ട്.
മാംസ്യവും ഇരുമ്പും വിറ്റാമിൻ ബി12, വിറ്റാമിൻ സിയും അടങ്ങിയ പോഷക സമൃദ്ധമായ ആഹാരം മതിയായ അളവിൽ കഴിച്ചാൽ വിളർച്ച നല്ലൊരു ശതമാനം കുറയ്ക്കാനും, തടയാനും സാധിക്കും. ആവശ്യമുള്ളവർക്ക് ഇരുമ്പ് ഫോളിക്കാസിഡ് ഗുളികകളായും നൽകുന്നു. കൂടാതെ ആവശ്യമായ പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടീകരിച്ച ആഹാരം നൽകുന്നത് ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികൾക്ക് വളരെ സഹായകരവുമാണ്.
അങ്കൺവാടികളിൽ കുട്ടികളുടെ പൊക്കവും തൂക്കവും കൃത്യമായി നിർണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യണം. രക്തക്കുറവും തൂക്കക്കുറവും പോഷണക്കുറവുമുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി വിളർച്ച കൃത്യമായി നിരീക്ഷിക്കണം. ജനനം മുതൽ ആറ് മാസം വരെകുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം നൽകുക. ആറ് മാസം മുതൽ രണ്ട് വയസ്സ് വരെ മുലപ്പാലിനോടൊപ്പം അനുപൂരക പോഷണങ്ങളും നൽകണം. ഈ പ്രായത്തിലുള്ള കുട്ടികളുടെ അമ്മമാർക്ക് പോഷക സമൃദ്ധമായ അനുപൂരക ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായ ബോധവത്കരണം നൽകണം.
2023 മെയ് മാസം പ്രഖ്യാപനം ചെയ്ത “പോഷൻ ഭിപഡായിഭി’ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയിൽ ലോകോത്തര നിലവാരമുള്ള പ്രീസ്‌കൂളുകളുടെ ശൃംഖല തീർക്കുക എന്നതാണ്. ജനനം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ വളർച്ചക്ക് മുൻതൂക്കം നൽകി “നവചേതന’ എന്ന പദ്ധതിയും മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് “ആധാർശില’ എന്ന പഠന പദ്ധതിയും രൂപകൽപ്പന ചെയ്തിട്ടുണ്ട്.
സാങ്കേതിക വിദ്യയുടെ സഹായത്താൽ പോഷക ബോധവത്കരണം ശക്തിപ്പെടുത്താനും ജനങ്ങളിലേക്ക് ചെന്നെത്താനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. വീടുകൾ തോറും സന്ദർശനം നടത്തുക, പൂരകപോഷണങ്ങൾ അവർക്ക് എത്തിക്കുക, ഗുണഭോക്താക്കളുടെ മൊബൈൽ ടെലിഫോൺ വെരിഫിക്കേഷൻ നടത്തുക, ആധാർ കാർഡ് പരിശോധന നടത്തുക എന്നിവ സാങ്കേതികവിദ്യയുടെ സഹായത്താൽ ലഘൂകരിക്കാൻ സാധിക്കുന്നു.
മുലയൂട്ടലിന്റെ പ്രാധാന്യം, കുഞ്ഞിന്റെ ആദ്യത്തെ ആയിരം ദിവസത്തിന്റെ പ്രാധാന്യം, ശുചിത്വം, വിളർച്ച പ്രതിരോധിക്കുക, കുഞ്ഞുങ്ങളിൽ വയറിളക്കം തടയുക എന്നിവക്ക് മുൻതൂക്കം നൽകിക്കൊണ്ട് പോഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകാനുള്ള പരിപാടികൾ പൂർവാധികം ശക്തമായി നടപ്പിലാക്കാനാണ് ഈ വർഷത്തെ ദേശീയ പോഷക മാസാചരണത്തിന്റെ ലക്ഷ്യം.
പോഷണ ഭദ്രത ഉറപ്പുവരുത്താൻ നമ്മുടെ സ്വഭാവമാറ്റവും സമൂഹത്തിന്റെ കൂട്ടായ മാറ്റങ്ങളും ആവശ്യമാണ്. ഇതിന് അനുയോജ്യമായ രീതിയിലാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ശരിയായ പോഷണത്തിനോടൊപ്പം കളികൾക്കും പ്രാധാന്യം നൽകിക്കൊണ്ട് മാനസികവും ശാരീരികവും വൈകാരികവുമായ വികാസമാണ് ലക്ഷ്യമിടുന്നത്. കളികളിൽ കൂടെ പഠനം എന്ന ലക്ഷ്യം വെച്ചുകൊണ്ട് കുട്ടികൾക്കും മാതാപിതാക്കൾക്കും പരിശീലനം നൽകാനും പദ്ധതികളുണ്ട്. മരത്തൈകൾ നട്ടുപിടിപ്പിക്കുകയും അത് പരിപാലിക്കുകയും വഴി പരിസ്ഥിതിസംരക്ഷണവും ലക്ഷ്യമിടുന്നുണ്ട്. അങ്കൺവാടികളിൽ ചെറുധാന്യ പാചക മത്സരങ്ങൾ, പോഷണം ക്വിസ് മത്സരം, ചിത്രരചനാ മത്സരം തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്.